X

ഇന്ത്യൻ ഭരണഘടന തന്നെ മൊത്തം വിദേശീയം

ഖാദർ പാലാഴി

‘ഇന്ത്യ’ മാത്രമല്ല നമ്മുടെ ഭരണഘടനയിൽ വിദേശീയമായിട്ടുള്ളത്. ഒത്തിരിയൊത്തിരി കാര്യങ്ങളുണ്ട്. താമസിയാതെ അതും എടുത്ത് മാറ്റാൻ ആവശ്യമുയരും. ആവശ്യമുയർന്നാൽ അതിനർത്ഥം എടുത്തു മാറ്റുമെന്ന് തന്നെയാണ്. ഇന്ത്യക്ക് പകരം ഭാരതമാകുന്നത് പോലെ.

ബ്രിട്ടന്റെ ഭരണഘടനയിൽനിന്ന് കട്ട് ആന്റ് പെയ്സ്റ്റ് ചെയ്തതാണ് പാർലിമെന്ററി ജനാധിപത്യം, രാഷ്ട്രത്തലവനായ പ്രസിഡണ്ടിന് അഥവാ രാഷ്ട്രപതിക്ക് നാമമാത്രമായ അധികാരം മാത്രം നൽകുന്ന വ്യവസ്ഥ, പ്രധാനമന്ത്രി പദവി, രാജ്യസഭയും ലോക് സഭയും ഉൾപ്പെടുന്ന ദ്വിമണ്ഡല പാർലിമെന്റ്, സ്പീക്കറുടെ ചുമതലകൾ തുടങ്ങിയവ.

അമേരിക്കൻ ഭരണഘടനയിൽ നിന്ന് എടുത്തതാണ് മൗലികാവകാശങ്ങൾ അഥവാ ഫണ്ടമെന്റൽ റൈറ്റ്സ്, പ്രസിഡണ്ടിനെ ഇംപീച്ച് ചെയ്യൽ, വൈസ് പ്രസിഡന്റ് അഥവാ ഉപരാഷ്ട്രപതി പദവി, സുപ്രീം കോടതിയിലേയും ഹൈക്കോടതികളിലേയും ജഡ്ജിമാരെ നീക്കം ചെയ്യുന്ന രീതി, സായുധ സേനകളുടെ തലവൻ പ്രസിഡണ്ട് ആയിരിക്കുമെന്നത് , ഭരണഘടനയെ വ്യാഖ്യാനിക്കാൻ സുപ്രീം കോടതിക്ക് അധികാരം നൽകുന്ന വ്യവസ്ഥ, സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്ന രാജ്യസഭ തുടങ്ങിയവ.

ഫ്രാൻസിൽ നിന്ന് നാം സ്വീകരിച്ചതാണ് സ്വാതന്ത്ര്യം , സമത്വം, സാഹോദര്യം എന്നീ ആശയങ്ങളും റിപ്പബ്ലിക് എന്ന ആശയവും

കാനഡയിൽ നിന്ന് ഉൾക്കൊണ്ടതാണ് ശക്തമായ കേന്ദ്ര സർക്കാറും അവശിഷ്ടാധികാരങ്ങളുള്ള സംസ്ഥാനങ്ങളും എന്ന ആശയം . അതുപോലെ സംസ്ഥാനങ്ങളിൽ ഗവർണർമാരെ നിയമിക്കുന്ന രീതി.

സോവിയറ്റ് യൂണിയനിൽ നിന്നാണ് പൗരൻമാർക്ക് രാഷ്ട്രത്തോടുള്ള കടമകൾ അഥവാ ഫണ്ടമെന്റൽ ഡ്യൂട്ടീസ് നിശ്ചയിച്ചത്.

ദക്ഷിണാഫ്രിക്കൻ ഭരണഘടനയിൽ നിന്നാണ് കാലാകാലങ്ങളിലെ ആവശ്യങ്ങൾ പരിഗണിച്ച് ഭരണഘടനയിൽ ഭേദഗതി വരുത്താനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയതും രാജ്യസഭാ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് രീതി ആവിഷ്ക്കരിച്ചതും.

അയർലന്റിൽ നിന്നാണ് നിർദേശക തത്വങ്ങൾ അഥവാ ഡയറക്റ്റീവ് പ്രിൻസിപ്പ്ൾസ് ഉൾപ്പെടുത്തിയത്

ഒസ്ട്രേലിയയെ അനുകരിച്ചാണ് കേന്ദ്ര സർക്കാറിനും സംസ്ഥാന സർക്കാറുകൾക്കും ഒരേ പോലെ പ്രവർത്തനാധികാരം നൽകുന്ന കൺകറന്റ് ലിസ്റ്റ് എന്ന ആശയം ഉൾപ്പെടുത്തിയത്.

ഇതിനെല്ലാം പുറമെ ബ്രിട്ടീഷ് പാർലിമെന്റ് പാസാക്കിയ 1935 ലെ ഇന്ത്യാ ഗവൺമെന്റ് ആക്റ്റിൽ നിന്നാണ് ഇന്ത്യൻ ഭരണഘടനയുടെ വിവിധ ആശയങ്ങൾക്ക് ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത്. ജർമനിയുടേയും ജപ്പാന്റേയും ഭരണഘടനയിൽ നിന്നുമൊക്കെ നാം പലതും ഉൾപ്പെടുത്തിയിട്ടുണ്ട്.

webdesk13: