മുംബൈ: ഇത് പോലെ ഒരു കഷ്ടകാലം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കുണ്ടായിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കുണ്ടായിട്ടില്ല. ലങ്കന്‍ ഇതിഹാസം മഹേല ജയവര്‍ധനക്കോ റോബിന്‍ സിംഗിനോ ഉണ്ടായിട്ടില്ല. കളിക്കുന്നതെല്ലാം തോല്‍ക്കുന്നു. എട്ടുനിലയിലെ തോല്‍വിയില്‍ അഞ്ച് തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ സംഘം അവസാന സ്ഥാനത്ത് തന്നെ.
പോയിന്റ് ടേബിള്‍ ഒന്ന് നോക്കുക- ഒരു മാസം മുമ്പ് എങ്ങനെയായിരുന്നുവോ…? അങ്ങനെ തന്നെ. തോറ്റ് തോറ്റ് തൊപ്പിയിടുകയാണ് ടീം. ഇന്ന് ഒമ്പതാമത്തെ മല്‍സരം. പ്രതിയോഗികള്‍ ഫോമില്‍ നില്‍ക്കുന്ന സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. തുടര്‍ച്ചയായി മൂന്ന് മല്‍സരങ്ങളില്‍ വിജയം സ്വന്തമാക്കിയവര്‍. ജോസ് ബട്‌ലര്‍ കത്തി നില്‍ക്കുന്നു. ഏത് ബൗളര്‍മാരെയും പ്രഹരിക്കാന്‍ കെല്‍പ്പുള്ളവരായി സഞ്ജുവും ദേവ്ദത്ത് പടിക്കലും ഷിംറോണ്‍ ഹെത്തിമറുമെല്ലാം. ബൗളിംഗില്‍ ട്രെന്‍ഡ് ബോള്‍ട്ടിന്റെ അതിവേഗതക്കൊപ്പം പ്രസീത് കൃഷ്ണയും സ്പിന്‍ ദ്വയങ്ങളായി അശ്വിനും ചാഹലും.
തുടര്‍ച്ചയായി ഒമ്പതാമത് മല്‍സരവും തോല്‍ക്കാതിരിക്കാന്‍ രോഹിതോ, ഇഷാന്‍ കിഷനോ, പൊലാര്‍ഡോ, ബ്രെവിസോ ആരെങ്കിലുമൊരാള്‍ വലിയ സ്‌ക്കോര്‍ നേടി കരുത്ത് തെളിയിക്കണം. ഇത് വരെ പ്ലെയിംഗ് ഇലവനില്‍ ഇടം ലഭിക്കാത്ത അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഇന്ന് അവസരം നല്‍കുമെന്ന് പറയപ്പെടുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകന്‍ ഓള്‍റൗണ്ടറായാണ് അറിയപ്പെടുന്നത്. നിലവിലെ സാഹചര്യത്തില്‍ അര്‍ജുന്‍ ഇറങ്ങിയാലും ടീമിന്റെ തലവര മാറുമോ എന്നത് കണ്ടറിയണം.