X

പെണ്‍കരുത്തില്‍ ഇന്ത്യന്‍ നേവി

2017 നവംബര്‍ 22 . ഭാരതത്തിന്റെ സൈനിക ചരിത്രത്തില്‍ എക്കാലവും സുവര്‍ണ്ണലിപികളാല്‍ അടയാളപ്പെടുത്തുന്ന അഭിമാനദിനം. 20 വനിതാ കേഡറ്റുമാരാണ് കടലില്‍ രാജ്യത്തെ കാക്കാനുള്ള നിയോഗത്തിലേക്ക് ഇന്നലെ ചുവടുവെച്ചത്. ഇന്ത്യന്‍ നേവിയുടെ ആദ്യവനിതാ പൈലറ്റായി ഉത്തര്‍പ്രദേശുകാരി ശുഭാംഗി സ്വരൂപ് പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങിയതും ഇതേ പരേഡിലായിരുന്നു.
നിരവധി ചരിത്രമുഹൂര്‍ത്തങ്ങളുടെ സംഗമം കൂടിയായിരുന്നു ഏഴിമല നാവിക അക്കാദമി ആസ്ഥാനത്ത് നടന്ന ഇന്ത്യന്‍ നേവിയുടെ തൊണ്ണൂറ്റിമൂന്നാമത് പാസിംഗ് ഔട്ട് പരേഡ്. നേവല്‍ ആര്‍മമന്റ് ഇന്‍സ്‌പെക്ഷന്‍ വിഭാഗത്തിലേക്ക് ആദ്യമായി മൂന്നു വനിതകള്‍ തെരഞ്ഞെടുക്കപ്പെട്ടു എന്ന പ്രത്യേകതയും ഉണ്ടായിരുന്നു.
ഉത്തര്‍പ്രദേശ് റായ്ബറേലിയിലെ തില്‍ഹാര്‍ സ്വദേശിനിയാണ് 22കാരിയായ ശുഭാംഗി സ്വരൂപ്. രാജ്യത്തെ നാവികസേനയുടെ പ്രഥമ വനിതാ പൈലറ്റായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ലാദം ശുഭാംഗി ‘ചന്ദ്രിക’യോട് പങ്കുവെച്ചു. ‘താന്‍ ഇപ്പോഴും വലിയ ആവേശത്തിലാണ്. കൂടുതല്‍ സ്ത്രീകള്‍ സേനയിലേക്ക് കടന്നു വരണം. അതിന് തന്റെ നേട്ടം സഹായിക്കുമെങ്കില്‍ അതാണ് ഏറ്റവും സന്തോഷം പകരുന്നത്’ശുഭാംഗിയുടെ വാക്കുകള്‍. വിശാഖപട്ടണത്ത് ഇന്ത്യന്‍ നേവിയുടെ കമാന്‍ഡറായ പിതാവ് ഗ്യാന്‍ സ്വരൂപാണ് തന്റെ റോള്‍ മോഡലെന്ന് ഈ പെണ്‍പോരാളി പറയുന്നു. അമ്മ കല്‍പ്പന സ്വരൂപ് അധ്യാപികയാണ്. ഏകസഹോദരന്‍ ശുഭം സ്വരൂപ് യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍ ഇന്റര്‍നാഷണല്‍ പ്രോഗ്രാമില്‍ ബി.എസ്.സി. ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥിയാണ്. 2017 ജൂണ്‍ 26 നാണ് ശുഭാംഗി ഏഴിമലയില്‍ പരിശീലനത്തിന് എത്തുന്നത്. ദിണ്ഡിഗല്‍ എയര്‍ഫോഴ്‌സ് അക്കാദമിയില്‍ നിന്നുള്ള സഫ്‌ന ഗരുഡയാണ് ആദ്യം പറത്തിയത്. 20 ആഴ്ചകള്‍ നീണ്ട പരിശീലനത്തിനൊടുവിലാണ് ശുഭാംഗി സ്വരൂപ് സ്വപ്‌നസമാനമായ നേട്ടം സ്വന്തം കൈപ്പിടിയിലൊതുക്കിയത്.
നാവിക സേനയുടെ ചരിത്രത്തില്‍ ആദ്യമായി നേവല്‍ ആര്‍മമെന്റ് ഇന്‍സ്‌പെക്ഷന്‍ ബ്രാഞ്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂന്നു പെണ്‍കുട്ടികളില്‍ ഒരു മലയാളിയുമുണ്ട്. തിരുവനന്തപുരം മരതംകുഴി സ്വദേശിനി എസ്.ശക്തിമായ(23). സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് മികച്ച ഗായിക കൂടിയായിരുന്ന ശക്തിമായ പ്ലസ് ടു പഠനസമയത്താണ് ഇന്ത്യന്‍ ആര്‍മി എന്ന സ്വപ്‌നത്തെ ഒപ്പം ചേര്‍ക്കുന്നത്. ഡിഫന്‍സ് അക്കാദമി ആയിരുന്നു ലക്ഷ്യമെങ്കിലും ഇന്ത്യന്‍ നേവല്‍ അക്കാദമിയിലേക്ക് ആദ്യം എഴുതിയ പരീക്ഷയില്‍ തന്നെ സെലക്ഷന്‍ ലഭിച്ചതോടെ ലക്ഷ്യം ചെറുതായൊന്ന് വഴിതിരിച്ചുവിട്ടു.
അങ്ങനെ ഇക്കഴിഞ്ഞ ജൂലൈയില്‍ ഏഴിമലയില്‍ എത്തിയ ഈ പെണ്‍കുട്ടി തിരിച്ചിറങ്ങുന്നത് ചരിത്രനിയോഗത്തിലേക്കാണ്. മകളുടെ ഈ നേട്ടം വാട്ടര്‍ അതോറിറ്റി ടെസ്റ്റിങ് സെക്ഷനില്‍ ഉദ്യോഗസ്ഥനായ പിതാവ് ശശിധരക്കുറുപ്പിനും തിരുവനന്തപുരത്ത് ദേശീയ നഗര ഉപജീവന മിഷനില്‍ കമ്യൂണിറ്റി ഓര്‍ഗനൈസറായ മാതാവ് ടി.പി.ശ്രീദേവിക്കും ആഹ്ലാദക്കണ്ണീരാണ് സമ്മാനിച്ചത്. പോണ്ടിച്ചേരി സ്വദേശിനി എ.രൂപയും ഡല്‍ഹി സ്വദേശിനി അസ്താം സൈഗാളുമാണ് മറ്റു രണ്ടു പേര്‍. ഈ മൂന്നു പേര്‍ക്കും ഇനി ഒഡീഷയിലെ ചെക്കയില്‍ വിദഗ്ധ പരിശീലനം നല്‍കും. രാജ്യതലസ്ഥാനത്ത് നടക്കുന്ന റിപ്പബ്ലിക്ക് ദിനപരേഡിലും ഈ മൂന്നുപെണ്‍കൊടികള്‍ ഇന്ത്യന്‍ നേവിയുടെ സാന്നിധ്യമായി മാറും.

chandrika: