ന്യൂഡല്‍ഹി: കാശ്മീരിലെ നിയന്ത്രണ രേഖക്ക് സമീപം രണ്ടു ഇന്ത്യന്‍ സൈനികരെ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത സംഭവത്തില്‍ സൈന്യം കൃത്യമായ സമയത്ത് മറുപടി നല്‍കുമെന്ന് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പാക്കിസ്താന്‍ സൈന്യത്തിനെതിരെ തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് സാധിക്കുമെന്നും സൈന്യം വളരെ അച്ചടക്കത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യമായ സമയത്ത് മിന്നലാക്രമണം നടത്തിയത് മറക്കരുത്. മൃതദേഹം വികൃതമാക്കുന്നതുപോലുള്ള നടപടികള്‍ കാണുമ്പോള്‍ ഏതൊരു ഇന്ത്യക്കാരനേയും പോലെ ഇന്ത്യന്‍ സൈന്യത്തില്‍ പൂര്‍ണ്ണ വിശ്വാസമര്‍പ്പിക്കുകയാണ്. അവര്‍ കൃത്യമായ നടപടിയെടുക്കും. എല്ലാറ്റിനുമുപരി നമ്മള്‍ ഇന്ത്യന്‍ സൈന്യത്തെ വിശ്വസിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സൈന്യം തീരുമാനിക്കുന്നത് പോലെയായിരിക്കും പാക്കിസ്താനെതിരെയുള്ള തിരിച്ചടി. തീരുമാനം സൈന്യത്തിന് വിട്ടുനല്‍കിയെന്നും ഇത്തരം കാര്യങ്ങള്‍ പൊതു ജനങ്ങളല്ല തീരുമാനിക്കുന്നതെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.