X

സൈന്യത്തിന് പോലും എത്താനാകാതെ വയനാട്.., ദുരന്ത ചിത്രം ഭീകരം

വയനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി വന്ന സൈന്യത്തിന് ജില്ലയിലെത്താനായില്ല. കൊച്ചിയില്‍ നിന്ന് വയനാട്ടിലേക്ക് വന്ന നേവി സംഘം പ്രതികൂല കാലാവസ്ഥ കാരണം ഹെലികോപ്റ്റര്‍ ഇറക്കാനാകാതെ മടങ്ങി. ഇവര്‍ കാലാവസ്ഥ അനുകൂലമാകുന്നതും കാത്ത് കോഴിക്കോട് ജില്ലയിലെ അടിവാരത്ത് ക്യാമ്പ് ചെയ്യുകയാണ്.

കണ്ണൂരില്‍ നിന്ന് രണ്ട് ബസുകളിലായി വയനാട്ടിലേക്ക് പുറപ്പെട്ട അറുപത് അംഗ ആര്‍മി സംഘവും ചുരത്തില്‍ കുടുങ്ങി. ഇവര്‍ വന്ന ഒരു ബസ് കേടായി. മറ്റൊരു ബസ് ഇടുങ്ങിയ വഴിയില്‍ കുടുങ്ങുകയും ചെയ്തു. റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ സൈന്യത്തെ വയനാട്ടിലെത്തിക്കാന്‍ ചെറുവാഹനങ്ങള്‍ അയച്ചിട്ടുണ്ട്. റോഡ് മാര്‍ഗ്ഗം ചെന്നൈയില്‍ നിന്ന് പുറപ്പെട്ട നാല് പതംഗ ദേശീയ ദുരന്ത നിവാരണ സേനക്കും ദുര്‍ഘടമായ പാതകള്‍ താണ്ടി എത്താന്‍ കഴിഞ്ഞിട്ടില്ല. വൈകുന്നേരത്തോടെ അവര്‍ വയനാട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള വയനാട്ടില്‍ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.ഒറ്റപ്പെട്ട വയനാട്ടില്‍ പലയിടത്തും ഗതാഗത സൗകര്യവും വൈദ്യുതിയുമില്ല. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ പോലും താറുമാറായി. പത്തിലധികം സ്ഥലത്ത് ഉരുള്‍ പൊട്ടലും നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും താഴ്ന്ന മുഴുവന്‍ പ്രദേശങ്ങളിലും വെള്ളപ്പൊക്കവും കാരണം ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തെയാണ് വയനാട് നേരിടുന്നത്

chandrika: