ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ അവഹേളിച്ച് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത്. സാഹചര്യം ആവശ്യപ്പെട്ടാല്‍ മൂന്നു ദിവസം കൊണ്ട് സൈന്യത്തെ സജ്ജമാക്കാന്‍ ആര്‍.എസ്.എസിനു കഴിയുമെന്നും സൈന്യം ഇതിന് ആറ് – ഏഴ് മാസം എടുക്കുമെന്നുമായിരുന്നു ഭഗവതിന്റെ പരാമര്‍ശം. ഇന്ത്യന്‍ സൈന്യത്തിന്റെ മികവും പ്രാപ്തിയും കുറച്ചുകാണിക്കുന്ന പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി ആര്‍.എസ്.എസ് നേതൃത്വം രംഗത്തെത്തി.
ഉത്തര്‍പ്രദേശിലെ മുസാഫര്‍പൂരില്‍ ആറു ദിവസമായി നടന്നു വന്ന ആര്‍.എസ്.എസിന്റെ സിലാ സ്‌കൂള്‍ സമാപന വേദിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു ഭഗവതിന്റെ വിവാദ പരാമര്‍ശം. നമ്മള്‍ ഒരു സൈനിക സംഘടനയല്ല. എന്നാല്‍ നമുക്ക് സൈന്യത്തിന്റെ പരിശീലനമുണ്ട്. രാജ്യവും ഭരണഘടനയും ആവശ്യപ്പെടുകയാണെങ്കില്‍ നമ്മുടെ വളണ്ടിയര്‍മാര്‍ക്ക് മൂന്നു ദിവസം കൊണ്ട് സൈന്യത്തെ സജ്ജമാക്കാന്‍ കഴിയും. എന്നാല്‍ യഥാര്‍ത്ഥ സൈന്യത്തിന് ഇത്തരമൊരു സജ്ജമാകലിന് ആറ്- ഏഴ് മാസം വേണ്ടി വരും. ഇതാണ് നമ്മുടെ കഴിവ്. സംഘ് സൈനികമോ അര്‍ധസൈനികമോ ആയ സംഘടനയല്ല. അത് കൃത്യമായ അച്ചടക്കമുള്ള കുടുംബ സംഘടനയാണ്. സൈന്യത്തെപ്പോലെ തന്നെ പരിശീലിപ്പിക്കുന്നതാണ് ഈ അച്ചടക്കം- മോഹന്‍ ഭഗവത് പറഞ്ഞു.
- Read Also: സൈന്യത്തെ അപമാനിച്ച് ആര്‍.എസ്.എസ് തലവന്‍; മോഹന്‍ ഭാഗവതിന് കടുത്ത മറുപടിയുമായി രാഹുല്‍ ഗാന്ധി
എന്നാല്‍ ഇന്ത്യന്‍ സൈന്യത്തെയും രാജ്യത്തിനുവേണ്ടി പോരാടി മരിച്ച ധീരസൈനികരേയും അവഹേളിക്കുന്നതാണ് മോഹന്‍ ഭഗവതിന്റെ പരാമര്‍ശമെന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയതോടെയാണ് ആര്‍.എസ്.എസ് വെട്ടിലായത്.
ഇന്ത്യന്‍ സൈന്യത്തെയാണ് ആര്‍.എസ്.എസ് തലവന്‍ അധിക്ഷേപിച്ചത്. നമ്മുടെ രാജ്യത്തിനു വേണ്ടി പോരാടി മരിച്ചവരെയും. ദേശീയ പതാകയോടും അതിനെ സല്യൂട്ട് ചെയ്യുന്ന സൈനികരോടുമുള്ള അവഹേളനമാണിത്. സൈന്യത്തെയും വീരരക്ത സാക്ഷികളേയും അവഹേളിക്കുന്ന ആര്‍.എസ്.എസ് സമീപനം നാണക്കേടാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
ഇതിനു തൊട്ടു പിന്നാലെയാണ് ആര്‍.എസ്.എസ് നേതാവും അഖില്‍ ഭാരതിയീ വിചാര്‍ പ്രമുഖ് തലവനുമായ മന്‍മോഹന്‍ വൈദ്യ രംഗത്തെത്തിയത്.
സാഹചര്യം അനിവാര്യമാവുകയും ഭരണഘടന അനുവദിക്കുകയും ചെയ്താല്‍ സമൂഹത്തെ പരിശീലിപ്പിക്കുന്നതിന് സൈന്യത്തിന് ആറ്-ഏഴ് മാസം വേണ്ടി വരുമെന്നും എന്നാല്‍ ആര്‍.എസ്.എസിന് ഇതിന് മൂന്നു ദിവസം മതിയെന്നുമാണ് മോഹന്‍ ഭഗവത് പറഞ്ഞതെന്ന് അദ്ദേഹം ന്യായീകരിച്ചു. ആര്‍.എസ്.എസ് നിത്യേന പരിശീലനം നടത്തുന്നതാണ് ഇതിനു കാരണം. സൈന്യത്തെയും സംഘ് സ്വയംസേവകരേയും താരതമ്യം ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.