മയക്കുമരുന്ന് ഉപയോഗത്തിനെതിരെ അവബോധം നല്‍കുന്നതിനായി നൈപുണ്യ വികസന കോഴ്‌സുകള്‍ക്ക് തുടക്കമിട്ട് ഇന്ത്യന്‍ സൈന്യം. ഡിഅഡിക്ഷന്‍ െ്രെഡവുകളും സംഘടിപ്പിക്കും. ജമ്മുവിലാണ് ‘യൂത്ത് എംപവര്‍മെന്റ് സെന്റര്‍’ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. ജമ്മു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മുഖേന സിവില്‍ അഡ്മിനിസ്‌ട്രേഷനുമായി ഏകോപിപ്പിച്ചാണ് കേന്ദ്രം ആരംഭിച്ചതെന്ന് സേനാ വക്താവ് പറഞ്ഞു.
‘ജമ്മുവിലെ പ്രാദേശിക യുവാക്കളുടെ ശാക്തീകരണത്തിനായി വിവിധ നൈപുണ്യ വികസന കോഴ്‌സുകള്‍, ഇവന്റുകള്‍, പ്രഭാഷണങ്ങള്‍, യുവാക്കളെ ലക്ഷ്യമിട്ടുള്ള പരിപാടികള്‍ എന്നിവ നടത്തുന്നതിന് വേണ്ടിയാണ് യൂത്ത് എംപവര്‍മെന്റ് സെന്റര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എംപവര്‍മെന്റ് സെന്റര്‍ യുവാക്കളുടെ ഭാവി രൂപപ്പെടുത്തും.
ഉദ്ഘാടന വേളയില്‍, ആര്‍മി റൈസിംഗ് സ്റ്റാര്‍ കോര്‍പ്‌സിന്റെ ടൈഗര്‍ ഡിവിഷനിലെ കമാന്‍ഡര്‍ ടൈഗര്‍ ആര്‍ട്ടിലറി ബ്രിഗേഡ്, ബ്രിഗേഡിയര്‍ എന്‍ ആര്‍ പാണ്ഡെ, ജമ്മു കശ്മീര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി നുസ്ഹത്ത് ഗുല്‍, ജെഎംസി ഡെപ്യൂട്ടി മേയര്‍ ബല്‍ദേവ് സിംഗ് ബില്ലവാരിയ എന്നിവര്‍ പങ്കെടുത്തു. ജനങ്ങള്‍ക്കായി ബഹുമുഖ സംരംഭങ്ങള്‍ ഏറ്റെടുക്കുന്നതിന് സൈന്യത്തെ നുസ്ഹത്ത് ഗുല്‍ അഭിനന്ദിച്ചു.