ആയുധങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച് സൈന്യത്തിന് നിര്‍ണ്ണായകമായ അധികാരങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. സേനയെ യുദ്ധ സജ്ജരാക്കുന്നതിനും യുദ്ധം പോലുള്ള അടിയന്തര സന്ദര്‍ഭങ്ങള്‍ മുന്‍നിര്‍ത്തി ആയുധങ്ങള്‍ വാങ്ങാനും ഇനി മുതല്‍ അധികാരമുണ്ടാകും.
ചൈനയുമായുള്ള തര്‍ക്കങ്ങള്‍ സംഘര്‍ഷത്തിന്റെ വക്കിലേക്ക് നീങ്ങുകയും നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ സ്ഥിരമായി വെടിനിര്‍ത്തല്‍ ലംഘിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് പുതിയ തീരുമാനം. ഏത് നിമിഷവും യുദ്ധസജ്ജരാകുന്നതിന് സൈന്യത്തിനുള്ള അപര്യാപ്തകള്‍ പരിഹരിക്കാനാണ് സര്‍ക്കാറിന്റെ നീക്കം.
ആയുധശേഖരത്തില്‍ കുറവ് വരുന്ന സന്ദര്‍ഭങ്ങളില്‍ അത് വിലയിരുത്തി സൈന്യത്തിന് തന്നെ പുതിയത് വാങ്ങാം. ഏകദേശം 40,000 കോടിയോളം രൂപ ഇങ്ങനെ സൈന്യത്തിന് അനുവദിക്കുമെന്നാണ് ചില മുതിര്‍ന്ന ഉദ്ദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2016 സെപ്തംബറില്‍ ഉറിയില്‍ നടന്ന ഭീകരാക്രണം സംബന്ധിച്ച് നടത്തിയ വിലയിരുത്തലുകളെ തുടര്‍ന്നാണ് ഈ തീരുമാനം.
46 ഇനത്തില്‍ പെട്ട ആയുധങ്ങളും മറ്റ് തരത്തില്‍ പെട്ട 10ഓളം ഉപകരണങ്ങളും ഇങ്ങനെ സൈന്യത്തിന് വാങ്ങാം. ആയുധങ്ങള്‍ വാങ്ങാന്‍ എത്ര പണം വേണമെങ്കിലും ചിലവഴിക്കാന്‍ സൈന്യത്തിലെ ഉന്നത ഉദ്ദ്യോഗസ്ഥര്‍ക്ക് അനുവാദമുണ്ട്. സൈന്യം തന്നെ നടത്തുന്ന വിലയിരുത്തലും കൂടിയാലോചനകളും മാത്രമാണ് ഇതിന് ആവശ്യം. മറ്റ് നടപടികളില്ല. കൂടുതല്‍ വിപുലമായ അധികാരങ്ങള്‍ സൈന്യത്തിന് അനുവദിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.