ന്യൂഡല്‍ഹി: ആറുമാസത്തെ സമയം അനുവദിച്ചാല്‍ പാക് അധിനിവേശ കാശ്മീരില്‍ തമ്പടിച്ചിരിക്കുന്ന ഭീകരരെയും അവരുടെ ഒളിത്താവളങ്ങളും പൂര്‍ണ്ണമായും തകര്‍ക്കാമെന്ന് സര്‍ക്കാരിനോട് സൈന്യം. ഇതിന് രാഷ്ട്രീയമായ തീരുമാനമാണ് വേണ്ടതെന്നും സൈന്യം അറിയിച്ചു. ഉന്നത സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രമുഖ ദേശീയ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കഴിഞ്ഞയാഴ്ച്ച നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ സൈന്യം പാക് അധിനിവേശ കാശ്മീരിലുള്ള ഭീകരരുടെ ലോഞ്ച് പാഡുകളില്‍ മിന്നലാക്രമണം നടത്തിയതിനു പിന്നാലെയാണ് സൈന്യത്തിന്റെ നിര്‍ദ്ദേശം. മിന്നലാക്രമണത്തിലൂടെ ഭീകരരെ പൂര്‍ണ്ണമായും തുടച്ചുനീക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ ഈ മേഖലയില്‍ നിന്ന് ഭീകരരെ പൂര്‍ണ്ണമായും തുടച്ചുനീക്കണമെങ്കില്‍ കുറച്ചുകാലം നീണ്ടുനില്‍ക്കുന്ന നടപടി വേണമെന്നാണ് സൈന്യത്തിന്റെ പക്ഷം.