X

വിശാഖപ്പട്ടണം ടെസ്റ്റ്: 246 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടി ഇന്ത്യ

വിശാപട്ടണം: സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ഇംഗ്ലണ്ട് കറങ്ങിവീണു. വിശാഖപട്ടണം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 246 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ (1-0)ത്തിന് മുന്നിലെത്തി. മൂന്നാം ടെസ്റ്റ് ഈ മാസം 26ന് മൊഹാലിയില്‍ നടക്കും. 405 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 158 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യക്ക് വേണ്ടി ജയന്ത് യാദവ്, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ഷമി, രവീന്ദ്ര ജദേജ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

സ്‌കോര്‍ ബോര്‍ഡ് ചുരുക്കത്തില്‍: ഇന്ത്യ: 455, 204. ഇംഗ്ലണ്ട്: 255, 158

 

ക്യാപ്റ്റന്‍ അലസ്റ്റയര്‍ കുക്കാണ്(54) രണ്ടാം ഇന്നിങ്‌സിലെ ഇംഗ്ലീഷ് നിരയിലെ ടോപ് സ്‌കോറര്‍. രണ്ടിന് 87 എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ സെഷനില്‍ തന്നെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. എക്കൗണ്ട് തുറക്കും മുമ്പെ ബെന്‍ ഡക്കറ്റാണ് ആദ്യം വിക്കറ്റിന് മുന്നില്‍ കുരുങ്ങിയത്. പിന്നീട് വന്ന മുഈന്‍ അലിയെ(2) ജദേജ മടക്കി. ബെന്‍ സ്റ്റോക്കും റൂട്ടും ചേര്‍ന്ന് പ്രതിരോധക്കോട്ട കെട്ടുന്നതിനിടെ ജയന്ത് യാദവ് സ്റ്റോക്കിന്റെ(6) സ്റ്റമ്പ് തെറിപ്പിച്ചു. പിന്നാലെ റൂട്ടിനെ(25) ഷമിയും മടക്കിയതോടെ ഇംഗ്ലണ്ട് തോല്‍വിയുറപ്പിച്ചു.

വിരാട് കോഹ്ലിയുടെയും(167) പുജാരയുടെയും(119) മികവിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 455 റണ്‍സ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 255 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. അശ്വിന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. ഒന്നാം ഇന്നിങ്‌സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 204 റണ്‍സിന് ഇംഗ്ലണ്ട് പുറത്താക്കിയെങ്കിലും 405 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ കുറിച്ചത്. കോഹ്ലിയാണ്(81) രണ്ടാം ഇന്നിങ്‌സിലും ടോപ് സ്‌കോറര്‍.

chandrika: