ധരംശാല: ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. തുടര്‍ച്ചയായി നാലു കളികള്‍ ജയിച്ച ഇരുടീമുകളും തമ്മിലുള്ള പോരാട്ടത്തെ ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്ക് പകരം സൂര്യകുമാര്‍ യാദവും ശാര്‍ദുല്‍ ഠാക്കൂറിന് പകരം പേസ് ബൗളര്‍ മുഹമ്മദ് ഷമിയും ടീമില്‍ തിരിച്ചെത്തി. അതേസമയം, കീവീസ് ടീമില്‍ മാറ്റങ്ങളൊന്നുമില്ല. അഫ്ഗാനിസ്താനെതിരെ ഇറങ്ങിയ അതേ ടീമിനെ തന്നെയാണ് നിലനിര്‍ത്തിയത്.
രോഹിത് നയിക്കുന്ന ശക്തമായ ബാറ്റിങ്ങ് നിരയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. രോഹിതും കോഹ് ലിയും രാഹുലും ശ്രേയസും ഗില്ലും ഫോമില്‍ ആണ് എന്നത് ആത്മവിശ്വാസം നല്‍കുന്നു. ലോകകപ്പില്‍ ഇരുവരും ഒമ്പത് തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ അഞ്ചിലും വിജയം ന്യൂസിലന്‍ഡിനൊപ്പമായിരുന്നു. മൂന്നെണ്ണത്തില്‍ മാത്രമാണ് ഇന്ത്യ ജയിച്ചത്. ഒരു മത്സരം ഉപേക്ഷിച്ചു.