സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ചരിത്രം കൊയ്ത് ടീം ഇന്ത്യ. പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. അവസാന ടെസ്റ്റിൽ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യൻ ടീമിനു മുന്നിൽ മഴയും മോശം കാലാവസ്ഥയും വില്ലനായപ്പോൾ മത്സരം സമനിലയിൽ കലാശിച്ചു. ഇത് മാത്രമാണ് പരമ്പരയിൽ ഇന്ത്യയ്ക്ക് നിരാശ സമ്മാനിച്ചത്.
സിഡ്നി ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിനം മഴ മൂലം ഒരു പന്ത് പോലും എറിയാൻ സാധിച്ചില്ല. 1947 മുതൽ ഓസ്ട്രേലിയയിൽ പര്യടനം നടത്താനാരംഭിച്ച ഇന്ത്യ 72 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് അവരുടെ നാട്ടിൽ ആദ്യമായി പരമ്പര സ്വന്തമാക്കുന്നത്.
സിഡ്നി ടെസ്റ്റിൽ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ നേടിയ ഏഴിന് 622 ഡിക്ലയേഡ് എന്ന സ്കോറിനെതിരേ ആതിഥേയരുടെ ഒന്നാം ഇന്നിംഗ്സ് 300ൽ അവസാനിച്ചിരുന്നു. 31 വർഷത്തിനിടെ ആദ്യമായി സ്വന്തം മണ്ണിൽ ഫോളോ ഓണ്‍ വഴങ്ങേണ്ടിവന്ന നാണക്കേടിലായിരുന്നു ഓസീസ് ടീം.
ചേതേശ്വർ പൂജാരയാണ് പരമ്പരയിലെ താരം. സ്കോർ: ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 622 ഡിക്ലയേഡ്. ഓസ്ട്രേലിയ 300, വിക്കറ്റ് നഷ്ടപ്പെടാതെ ആറ്.