X

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് പത്ത് വിക്കന്റിന്റെ ഉജ്ജ്വല ജയം

ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് പത്ത് വിക്കന്റിന്റെ ഉജ്ജ്വല ജയം. രണ്ടാം ഇന്നിങ്‌സില്‍ 127 റണ്‍സിന് തകര്‍ന്നടിഞ്ഞ വിന്‍ഡീസ് ഉയര്‍ത്തിയ 72 റണ്‍സ് വിജയലക്ഷ്യം, വെറും 97 പന്തുകളില്‍ വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യ പിന്നിട്ടു. രണ്ടു മല്‍സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ തൂത്തുവാരി. ഓപ്പണര്‍മാരായ പൃഥ്വി ഷാ, ലോകേഷ് രാഹുല്‍ എന്നിവര്‍ 33 റണ്‍സ് വീതമെടുത്ത് പുറത്താകാതെ നിന്നു. രാജ്‌കോട്ടില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 272 റണ്‍സിനും ജയിച്ചിരുന്നു. അഞ്ചു മല്‍സരങ്ങളടങ്ങുന്ന ഏകദിന പരമ്പര ഈ മാസം 21ന് ഗുവാഹത്തിയില്‍ ആരംഭിക്കും.

രണ്ട് ഇന്നിങ്‌സിലുമായി 10 വിക്കറ്റ് വീഴ്ത്തിയ പേസ് ബോളര്‍ ഉമേഷ് യാദവാണ് ഹൈദരാബാദില്‍ വിന്‍ഡീസിന്റെ അന്തകനായത്. ഒന്നാം ഇന്നിങ്‌സില്‍ ആറു വിക്കറ്റ് വീഴ്ത്തിയ ഉമേഷ്, രണ്ടാം ഇന്നിങ്‌സില്‍ വിന്‍ഡീസിന്റെ നാലു വിക്കറ്റുകളാണ് പോക്കറ്റിലാക്കിയത്. ഇന്ത്യന്‍ മണ്ണില്‍ 10 വിക്കറ്റ് നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ പേസ് ബോളറാണ് ഉമേഷ് യാദവ്. കപില്‍ ദേവ്, ജവഗല്‍ ശ്രീനാഥ് എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മുന്‍ഗാമികള്‍.

ചന്ദ്രിക വെബ് ഡെസ്‌ക്‌: