ആന്റിഗ്വ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് 318 റണ്‍സിന്റെ കൂറ്റന്‍ ജയം. 419 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് വെറും 100 റണ്‍സിന് പുറത്തായി. ഇതോടെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ജയങ്ങള്‍ നേടിയ ഇന്ത്യന്‍ നായകനെന്ന ധോണിയുടെ റെക്കോര്‍ഡിനൊപ്പമെത്തി വിരാട് കോഹ്‌ലി. ജയത്തോടെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് 60 പോയിന്റായി.
ഏഴ് റണ്‍സെടുത്ത ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റിനേയും ഒരു റണ്ണെടുത്ത കാംബെല്ലിനേയും പുറത്താക്കിയ ബുംറയേല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് വിന്‍ഡീസുകാര്‍ പിന്നെ കരകയറിയില്ല. 15 റണ്‍സിനിടെ പകുതി കാലാള്‍പ്പടയെ നഷ്ടമായി. 50 റണ്‍സെടുക്കുന്നതിനിടെ വിന്‍ഡീസ് നിരയിലെ ഒന്‍പത് പേരും വീണു. പത്താം വിക്കറ്റില്‍ കെമര്‍ റോച്ചിന്റേയും മിഗ്വേല്‍ കമ്മിന്‍സിന്റേയും അര്‍ധസെഞ്ചുറി കൂട്ടുകെട്ടില്ലായിരുന്നെങ്കില്‍ ഇതിലും ദുരന്തമായേനെ വിന്‍ഡീസ്. രണ്ടക്കം തൊട്ടത് റോച്ചടക്കം മൂന്നുപേര്‍ മാത്രം. ജയത്തോടെ വിദേശ മണ്ണില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയങ്ങള്‍ നേടിയ നായകനെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തമാക്കി. രാജ്യാന്തര മല്‍സരങ്ങളില്‍ കോഹ്‌ലിയുടെ നൂറാംജയമാണിത്.