സത്താംപ്ടണ്‍: ഹാവു………….. രക്ഷപ്പെട്ടു. മുഹമ്മദ് ഷമിക്ക് നന്ദി. അവസാന ഓവറിലെ അവസാന മൂന്ന് പന്തുകളില്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി ഹാട്രിക് വേട്ട നടത്തിയ ചാമ്പ്യന്‍ സീമറുടെ മികവില്‍ ഇന്ത്യ 11 റണ്‍സ് വിജയവുമായി അഫ്ഗാനിസ്താനെതിരെ മുഖം രക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത് 224 ല്‍ ഒതുങ്ങിയ ഇന്ത്യയെ അഫ്ഗാനികല്‍ അട്ടിമറിക്കുമെന്നായിരുന്നു അവസാനം വരെ കരുതിയത്. പക്ഷേ 40 റണ്‍സിന് നാല് വിക്കറ്റ് നേടിയ ഷമിയും 39 റണ്‍സിന് രണ്ട് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയും അവസാനം ഗംഭീരമാക്കി. ഷമി അവസാന ഓവര്‍ എറിയാന്‍ വരുമ്പോള്‍ 16 റണ്‍സ് മാത്രമായിരുന്നു അഫ്ഗാന് വേണ്ടത്. അപകടകാരിയായ മുഹമ്മദ് നബി ക്രീസിലും. ആദ്യ പന്ത് തന്നെ ബൗണ്ടറി. രണ്ടാം പന്തില്‍ റണ്ണില്ല. മൂന്നാം പന്തില്‍ നബി പുറത്താവുന്നു. നാലാം പന്തില്‍ അഫ്ത്താബ് ആലം, അഞ്ചാം പന്തില്‍ മുജീബ് റഹ്മാന്‍. ലോകകപ്പില്‍ ചേതന്‍ ശര്‍മ്മക്ക് ശേഷം ഒരു ഇന്ത്യക്കാരന്റെ ഹാട്രിക്ക്. അഞ്ച് മല്‍സരങ്ങളില്‍ നിന്ന് ഒമ്പത് പോയിന്റുമായി ഇന്ത്യ ടേബിളില്‍ രണ്ടാമത് വന്നു. ബുംറയാണ് കളിയിലെ കേമന്‍.
നാടകീയമായിട്ടായിരുന്നു ഇന്ത്യന്‍ ബാറ്റിംഗ് അഫ്ഗാന്‍ സ്പിന്നിന് മുന്നില്‍ തരിപ്പണമായത്. സ്പിന്നിനെ സുന്ദരമായി നേരിടുന്നവര്‍ അല്‍പ്പമാലസ്യത്തില്‍ പന്തിനെ സമീപിച്ചപ്പോള്‍ ഇന്ത്യക്ക് ഈ ലോകകപ്പിലെ ഏറ്റവും ചെറിയ സ്‌ക്കോര്‍. ആദ്യമായി ഇന്ത്യന്‍ മധ്യനിരയും വാലറ്റവും പരീക്ഷിക്കപ്പെട്ടപ്പോള്‍ ആകെ പ്രശ്‌നമയം. ടോസ് ലഭിച്ചപ്പോള്‍ വിരാത് കോലി ബാറ്റിംഗിന് തീരുമാനിച്ചത് വലിയ സ്‌ക്കോര്‍ മുന്നില്‍ കണ്ടാണ്. ചാമ്പ്യന്‍ഷിപ്പില്‍ തകര്‍ന്നടിഞ്ഞ അഫ്ഗാനികളെ റണ്‍വേട്ടയിലുടെ ഓടിക്കാമെന്ന് കരുതിയ കോലിക് പക്ഷേ അഞ്ചാം ഓവറില്‍ തന്നെ ഫോമിലുള്ള രോഹിത് ശര്‍മയുടെ പതനം കാണേണ്ടി വന്നു. രണ്ട് സെഞ്ച്വറികളുമായി ലോകകപ്പില്‍ മിന്നി നില്‍ക്കുന്ന മുംബൈക്കാരന്‍ മുജിബ് റഹ്മാന്റെ സ്പിന്നില്‍ ക്ലീന്‍ ബൗള്‍ഡായത് ഗ്യാലറി ഞെട്ടലോടെയാണ് കണ്ടത്. അതോടെ സമ്മര്‍ദ്ദമായി. കെ.എല്‍ രാഹുല്‍ പ്രതിരോധത്തിന്റെ മാളത്തിലായി. വിരാത് കോലി പക്ഷേ പന്തിനെ പേടിച്ചില്ല. തട്ടിമുട്ടി സ്‌ക്കോര്‍ 64 ല്‍ എത്തിയിപ്പോഴതാ വേണ്ടാത്ത സ്വീപ്പിന് ശ്രമിച്ച് രാഹുല്‍ (30) മുഹമ്മദ് നബിക്ക് വിക്കറ്റ് നല്‍കുന്നു. വിജയ് ശങ്കറായിരുന്നു നാലാമനായി വന്നത്. ഇന്ത്യന്‍ ആരാധകര്‍ എന്താണോ പ്രതീക്ഷിച്ചത് അതിന് നേര്‍വീപരീതമായി ബാറ്റിംഗ് മന്ദഗതിയിലായി. 122 ല്‍ ശങ്കര്‍ മടങ്ങി. ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി മഹേന്ദ്രസിംഗ് ധോണിക്ക് സ്വന്തം ശക്തി തെളിയിക്കാനുള്ള അവസരം. മുന്‍ നായകനും നിലവിലെ നായകനുമായപ്പോള്‍ ഗ്യാലറി ഉണര്‍ന്നു. പക്ഷേ അര്‍ധശതകം പിന്നിട്ട കോലി നബിയുടെ പന്തില്‍ പോയന്റില്‍ പിടികൊടുത്തപ്പോള്‍ വീണ്ടും ഗ്യാലറി നിശബ്ദം. 135 ലായിരുന്നു കോലിയുടെ മടക്കം. ധോണിയും കേദാര്‍ ജാദവും ചേര്‍ന്നുള്ള രക്ഷാദൗത്യത്തില്‍ റണ്‍സ് കാര്യമായി വന്നില്ലെങ്കിലും അതിജീവനം സാധ്യമായി. സ്‌ക്കോറിംഗ് ഉയര്‍ത്താനുള്ള ശ്രമത്തില്‍ റാഷിദ്ഖാനെ ക്രിസ് വിട്ട് പ്രഹരിക്കാനുള്ള ധോണിയുടെ ശ്രമം പാഴായി. 28 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. കൂറ്റന്‍ ഷോട്ടുകള്‍ അനായാസം കളിക്കാറുള്ള ഹാര്‍ദിക് പാണ്ഡ്യയില്‍ കൂട്ടുകാരനെ കണ്ടെത്തിയ കേദാര്‍ ജാദവ് അതിനിടെ അര്‍ധശതതകം പൂര്‍ത്തിയാക്കി. പാണ്ഡ്യക്ക് ഏഴ് റണ്‍സ് നേടാനാണ് കഴിഞ്ഞത് .അമ്പത് ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ എട്ട് വിക്കറ്റിന് 224 ല്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് അവസാനിച്ചു. 52 റണ്‍സായിരുന്നു അവസാനം പുറത്തായ ജാദവിന്റെ സംഭാവന. അഫ്ഗാന്‍ സ്പിന്നര്‍മാരില്‍ മുജീബായിരുന്നു ഒന്നാമന്‍. പത്തോവറില്‍ 26 റണ്‍സും രോഹിതിന്റെ വിക്കറ്റും. മുഹമ്മദ് നബി 33 റണ്‍സിന് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ റാഷിദ് ഖാന്‍ 38ന് ധോണിയുടെ വിക്കറ്റ് നേടി. ഗുല്‍ബാദിന്‍ നായിബിനും രണ്ട് വിക്കറ്റ് ലഭിച്ചു.
കൂളായാണ് അഫ്ഗാനികള്‍ മറുപടി നല്‍കിയത്. മുഹമ്മദ് ഷമിയെയും ജസ്പ്രീത് ബുംറയെയും ബഹുമാനിച്ചു. ലോകകപ്പില്‍ ആദ്യ മല്‍സരം കളിക്കുന്ന ഷമി ഗംഭീര ഫോമിലായിരുന്നു.നാലോവര്‍ ദീര്‍ഘിച്ച ആദ്യ സ്‌പെല്ലില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ ആറ് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് അദ്ദേഹം നേടി. ഹസറുഫുല്ല സസാസിയുടെ സ്റ്റംമ്പാണ് ഷമി തരിപ്പണമാക്കിയത്. നായകന്‍ നായിബും റഹ്മത് ഷായും പൊരുതി. സ്‌ക്കോര്‍ 62 ല്‍ നായിബിനെ ഹാര്‍ദിക് പുറത്താക്കിയെങ്കിലും അഫ്ഗാന്‍ പരിഭ്രാന്തി പ്രകടിപ്പിച്ചില്ല. 36 റണ്‍സ് നേടിയ റഹ്മത്ത് ഷാ സ്‌ക്കോര്‍ 100 കടത്തി. പക്ഷേ ബുംറ രണ്ടാം സ്‌പെല്ലിന് വന്നപ്പോള്‍ ഓരോവറില്‍ റഹ്മത്തും ഹഷ്മത്തുല്ല ഷാഹിദിയും (21) പുറത്തായത് ഇന്ത്യക് ആശ്വാസമായി. പക്ഷേ മുഹമ്മദ് നബി ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി ഗംഭീരമായി കളിക്കാന്‍ തുടങ്ങി. തകര്‍പ്പന്‍ ഷോട്ടുകള്‍. മല്‍സരം അവസാന ഘട്ടത്തിലേക്ക് പോവുമ്പോള്‍ നബിയായിരുന്നു വില്ലന്‍. പക്ഷേ അവസാന ഓവര്‍ എറിഞ്ഞ ഷമി മൂന്നാം പന്തില്‍ നബിയെ പുറത്താക്കിയപ്പോഴാണ് ഇന്ത്യ ശ്വാസം നേരെ വിട്ടത്. അടുത്ത പന്തില്‍ അഫ്ത്താബ് ആലമിനെയും ഷമി പുറത്താക്കി.
സതാംപ്ടണ്‍: വലിയ വിജയം സ്വപ്‌നം കണ്ട ഇന്ത്യയെ വിറപ്പിച്ച് അഫ്ഗാനിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 225 റണ്‍സില്‍ പിടിച്ചുകെട്ടിയ അഫ്ഗാനിസ്ഥാന്‍ ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. പരാജയം മണത്ത ഇന്ത്യക്ക് ജസ്പ്രീത് ബുമ്രയുടേയും മുഹമ്മദ് ഷമിയുടേയും മികച്ച ബൗളിങ്ങാണ് തുണയായത്. അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് നടത്തിയത്. അവസാന ഓവര്‍ എറിഞ്ഞ മുഹമ്മദ് ഷമി ഹാട്രിക് സ്വന്തമാക്കി.
225 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ അഫ്ഗാനിസ്ഥാന്‍ ആദ്യ ഓവറുകളില്‍ ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. ഇന്ത്യന്‍ പേസര്‍മാരായ ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും റണ്‍സ് വഴങ്ങാതെ പിടിച്ചു നിന്നെങ്കിലും അഫ്ഗാന്‍ വിക്കറ്റുകള്‍ വലിച്ചറിയാതെ കാത്തു.