X

രോഹിത് ശര്‍മ്മക്ക് സെഞ്ച്വറി: ട്വന്റി 20 പരമ്പര ഇന്ത്യക്ക്

ബ്രിസ്റ്റോള്‍: രോഹിത് ശര്‍മയുടെ വെടിക്കെട്ട് സെഞ്ച്വറിയുടെ സഹായത്തോടെ ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പര ഇന്ത്യ സ്വന്തമാക്കി. ഇംഗ്ലണ്ട് മുന്നോട്ടു വെച്ച 199 റണ്‍സിന്‍രെ വിജയ ലക്ഷ്യം 18.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. 56 പന്തില്‍ നിന്നും 11 ബൗണ്ടറിയും അഞ്ച് പടുകൂറ്റന്‍ സിക്‌സറുമടക്കം 100 റണ്‍സുമായി രോഹിത് പുറത്താകാതെ നിന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. 14 പന്തില്‍ നിന്നും നാല് ബൗണ്ടറികളുടേയും നാലു സിക്‌സറുകളുടേയും സഹായത്തോടെ 33 റണ്‍സുമായി ഹര്‍ദിക് പാണ്ഡ്യ പുറത്താവാതെ നിന്നു. ഇന്ത്യന്‍ നിരയില്‍ ശിഖര്‍ ധവാന്‍ (05), ലോകേഷ് രാഹുല്‍ (19) എന്നിവര്‍ മാത്രമാണ് പരാജയപ്പെട്ടത്. നേരത്തെ ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറുകളില്‍ 189 റണ്‍സാണ് അടിച്ചെടുത്തത്. ഓപ്പണര്‍ ജേസണ്‍ റോയിയുടെ വെടിക്കെട്ട് ബാറ്റിങാണ് ഇംഗ്ലണ്ടിനെ ശക്തമായ നിലയിലെത്തിച്ചത്.

31 പന്തില്‍ നാലു ബൗണ്ടറികളും ഏഴു സിക്‌സറുമടക്കം റോയ് 67 റണ്‍സ് എടുത്തു. ജോസ് ബട്‌ലര്‍ (34), അലെക്‌സ് ഹെയ്ല്‍സ് (30), ജോണി ബെയര്‍സ്‌റ്റോ (25) എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ട്ി കാര്യമായ സംഭാവന നല്‍കിയത്. പത്താം ഓവര്‍ പിന്നിട്ടപ്പോള്‍ തന്നെ ആതിഥേയര്‍ 100 കടന്നിരുന്നു. തുടക്കത്തില്‍ ആഞ്ഞടിച്ച ഇംഗ്ലണ്ടിനെ അവസാന പത്ത് ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞ് മുറുക്കി. നാലു വിക്കറ്റെടുത്ത ഹര്‍ദിക് പാണ്ഡ്യയാണ് ബോളര്‍മാരില്‍ തിളങ്ങിയത്. നാലോവറില്‍ 38 റണ്‍സ് വഴങ്ങിയാണ് പാണ്ഡ്യ നാല് വിക്കറ്റ് എടുത്തത്. നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഇംഗ്ലീഷുകാരെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മത്സരത്തിനിടെ അഞ്ച് ക്യാച്ചെടുത്ത് മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി മറ്റൊരു റെക്കോര്‍ഡിന് കൂടി അര്‍ഹനായി. ഒരു ടി 20 മത്സരത്തില്‍ അഞ്ച് ക്യാച്ചുകളെടുക്കുന്ന ആദ്യ വിക്കറ്റ് കീപ്പറാണ് ധോണി. ജേസണ്‍ റോയ്, ഇയാന്‍ മോര്‍ഗന്‍, ജോണി ബെയര്‍സ്‌റ്റോ, ജോര്‍ദാന്‍, ഹെയ്ല്‍സ് എന്നിവരെയാണ് ധോണി ക്യാച്ചെടുത്ത് പുറത്താക്കിയത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: