ബിര്‍മിങ്ഹാം: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ചിരവൈരികളായ പാകിസ്താനെതിരെ ഇന്ത്യക്ക് 124 റണ്‍സിന്റെ തകര്‍പ്പന്‍ ജയം . മഴയില്‍ കുതിര്‍ന്ന പോരാട്ടത്തില്‍ ഇന്ത്യ നല്‍കിയ 324 റണ്‍സിന്റെ ലക്ഷ്യത്തില്‍ പാക്കിസ്താന്‍ 164 ന് തകര്‍ന്നടിഞ്ഞു. 50 റണ്‍സ് നേടിയ ഓപ്പണര്‍ അസ്ഹര്‍ അലിക്ക് പുറമെ പിടിച്ചുപൊരുതാന്‍ ആര്‍ക്കുമായില്ല
ടോസ് നേടി ഇന്ത്യയെ ബാറ്റിങിനയച്ച പാക് ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിന്റെ തീരുമാനത്തെ ക്യാപ്റ്റന്‍ കോലിയും (81*), രോഹിത് ശര്‍മയും (91), ശിഖര്‍ ധവാനും (68), യുവരാജ് സിങും (53) ചേര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ മഴ ഇടക്കിടെ രസം കൊല്ലിയായ ഇന്നിങ്‌സില്‍ ഇന്ത്യ നിശ്ചിത 48 ഓവറില്‍ മൂന്നു വിക്കറ്റിന് 319 റണ്‍സെടുത്തു. ആദ്യ നാല് ബാറ്റ്‌സ്മാന്മാരും അര്‍ധസെഞ്ചുറി തികച്ചപ്പോള്‍ വെറും ഒന്‍പത് റണ്‍സ് അകലെവച്ചാണ് ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് സെഞ്ചുറി നഷ്ടമായത്. മഴ മൂലം പിന്നീട് പാകിസ്താന്റെ വിജയ ലക്ഷ്യം 48 ഓവറില്‍ 324 റണ്‍സായി പുനക്രമീകരിക്കുകയായിരുന്നു. മുഹമ്മദ് ആമിര്‍ ഒഴികെ പാക് ബൗളര്‍മാരാരും അച്ചടക്കത്തോടെ പന്തെറിയാതായതോടെ കാര്യങ്ങള്‍ ഇന്ത്യന്‍ വരുതിയിലേക്കു മാറുകയും ചെയ്തു. ഓപണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 24.3 ഓവറില്‍ 136 റണ്‍സാണ് അടിച്ചു കൂട്ടിയത്. 65 പന്തില്‍ ആറ് ബൗണ്ടറികളും ഒരു സിക്‌സറും നിറഞ്ഞതായിരുന്നു ധവാന്റെ ഇന്നിങ്‌സ്. ശതാബ് ഖാന്റെ പന്തില്‍ ശിഖര്‍ ധവാന്‍ പുറത്തായ ശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ കോലി ധവാന്‍ നിര്‍ത്തിയേടത്തു നിന്നും തുടങ്ങുകയായിരുന്നു. പാക് ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകള്‍ കൂടി ആയതോടെ സ്‌കോര്‍ ബോര്‍ഡ് ദ്രുത ഗതിയില്‍ ചലിക്കാന്‍ തുടങ്ങി. രണ്ടു തവണ മഴ രസം കൊല്ലിയായപ്പോള്‍ മത്സരം 48 ഓവറായി ചുരുക്കുകയായിരുന്നു. രോഹിത് ഏഴ് ബൗണ്ടറികളും രണ്ട് സിക്‌സറും തൊടുത്തപ്പോള്‍ ആറ് ബൗണ്ടറികളും മൂന്നു സിക്‌സറുമടങ്ങുന്നതായിരുന്നു കോലിയുടെ അപരാജിത ഇന്നിങ്‌സ്. 32 പന്തില്‍ എട്ട് ബൗണ്ടറിയും ഒരു സിക്‌സറും യുവരാജ് അടിച്ചു കൂട്ടിയപ്പോള്‍ യുവരാജിന് ശേഷം ക്രീസിലെത്തിയ ഹര്‍ദിക് പാണ്ഡ്യ ആറ് പന്തുകളില്‍ 20 റണ്‍സുമായി പുറത്താകാതെ നിന്നു. പാണ്ഡ്യയും കോലിയും ചേര്‍ന്ന് അവസാന നാല് ഓവറുകളില്‍ 72 റണ്‍സാണ് അടിച്ചെടുത്തത്. പാക് ബൗളര്‍മാരില്‍ വഹാബ് റിയാസായിരുന്നു ഏറ്റവും വിലയ ധാരാളി. 8.4 ഓവറില്‍ 87 റണ്‍സാണ് വഹാബ് റിയാസ് വിട്ടു നല്‍കിയത്.
മൂടികെട്ടിയ ആകാശത്തേക്ക് സാക്ഷിയാക്കി മറുപടി ബാറ്റിംഗ് തുടങ്ങിയ പാക്കിസ്താന് വേണ്ടി അസ്ഹര്‍ അലി നന്നായി തുടങ്ങി. പക്ഷേ അഹമ്മദ് ഷെഹസാദിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി ഭുവനേശ്വര്‍ പാക്കിസ്താന് ആദ്യ പ്രഹരമേല്‍പ്പിച്ചു. പകരം വന്ന ബബര്‍ അസമും പെട്ടെന്ന് മടങ്ങിയതോടെ പാക്കിസ്താന്‍ പ്രതിരോധത്തിലായി. അനുഭവസമ്പന്നനായ മുഹമ്മദ് ഹാഫിസിനൊപ്പം അസ്ഹര്‍ പൊരുതിയെങ്കിലും ബൗളര്‍മാര്‍ ലൂസ് ബോളുകള്‍ നല്‍കിയില്ല. ഹാഫിസ് 33 ല്‍ മടങ്ങിയതിന് ശേഷം രവീന്ദു ജഡേജയുടെ ഊഴമായി. വാലറ്റക്കാര്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ തല താഴ്ത്തി മടങ്ങി