രാജ്‌കോട്ട്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ തന്നെ ഇന്ത്യക്ക് കൂറ്റന്‍ ജയം. ഇന്നിങ്‌സിനും 272 റണ്‍സിനുമാണ് കരീബിയന്‍ സംഘത്തെ ഇന്ത്യ തകര്‍ത്തു വിട്ടത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 649-നെതിരെ ബാറ്റേന്തിയ വിന്‍ഡീസിന്റെ ആദ്യ ഇന്നിങ്‌സ് 181-ല്‍ അവസാനിച്ചിരുന്നു. ഫോളോ ഓണ്‍ ചെയ്യാന്‍ നിര്‍ബന്ധിതരായ വിന്‍ഡീസ് രണ്ടാം ഇന്നിങ്‌സില്‍ സ്പിന്നര്‍മാര്‍ക്കു മുന്നില്‍ 196 റണ്‍സിന് കറങ്ങി വീണു. അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ ഓപണര്‍ പൃഥ്വി ഷാ ആണ് മാന്‍ ഓഫ് ദി മാച്ച്.
രണ്ടാം ദിവസം സ്റ്റംപെടുക്കുമ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ ആറു വിക്കറ്റിന് 94 എന്ന നിലയിലായിരുന്ന സന്ദര്‍ശകര്‍ക്ക് ഇന്ന് 14 വിക്കറ്റുകളാണ് നഷ്ടമായത്. കീമോ പോളിനെ (15) ചേതേശ്വര്‍ പുജാരയുടെ കൈകളിലെത്തിച്ച് ഉമേഷ് യാദവാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. ഒന്നാം ഇന്നിങ്‌സില്‍ വിന്‍ഡീസിന്റെ ഏക അര്‍ധ സെഞ്ച്വറിക്കാരനായ റോസ്റ്റന്‍ ചേസ് (53) പിന്നാലെ മടങ്ങി. അശ്വിന്റെ പന്തില്‍ കുറ്റിതെറിച്ചായിരുന്നു ചേസിന്റെ മടക്കം. വിന്‍ഡീസ് സ്‌കോര്‍ ബോര്‍ഡില്‍ ഏറ്റവുമധികം റണ്‍സ് (73) എത്തിച്ച കൂട്ടുകെട്ടാണ് ഇതോടെ തകര്‍ന്നത്. അതേ ഓവറില്‍ ഷെര്‍നന്‍ ലെവിസിനെയും (0) അധികം വൈകാതെ പതിനൊന്നാമന്‍ ഷാനന്‍ ഗബ്രിയേലിനെയും (1) വീഴ്ത്തി അശ്വിന്‍ സന്ദര്‍ശകരുടെ ഇന്നിങ്‌സ് അവസാനിപ്പിച്ചു. ദേവേന്ദ്ര ബിഷൂ (17) പുറത്താകാതെ നിന്നു.
37 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രന്‍ അശ്വിന്‍ ആയിരുന്നു ഇന്ത്യന്‍ നിരയിലെ മികച്ച ബൗളര്‍. മുഹമ്മദ് ഷമി രണ്ടു പേരെ വീഴ്ത്തിയപ്പോള്‍ ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ക്കും വിക്കറ്റ് ലഭിച്ചു.
ഒന്നാം ഇന്നിങ്‌സില്‍ നിന്ന് വളരെയൊന്നും വ്യത്യസ്തമായിരുന്നില്ല സന്ദര്‍ശകരുടെ രണ്ടാമൂഴവും. മുന്‍നിരയെ തകര്‍ത്തുകളഞ്ഞ് കുല്‍ദീപ് യാദവാണ് സന്ദര്‍ശകരുടെ നടുവൊടിച്ചത്. ഓപണിങ് കൂട്ടുകെട്ട് ആരോഗ്യകരമായി മുന്നേറിയെങ്കിലും എട്ടാം ഓവറില്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (10) വീണതോടെ അനിവാര്യമായ തകര്‍ച്ചക്ക് ആരംഭമായി. അശ്വിന്റെ പന്തില്‍ പൃഥ്വി ഷാ പിടിച്ചായിരുന്നു താല്‍ക്കാലിക ക്യാപ്ടന്റെ മടക്കം. ഷായ് ഹോപിനായിരുന്നു (17) പവലിയനിലേക്കു മടങ്ങാനുള്ള അടുത്ത ഊഴം. കുല്‍ദീപ് യാദവിന്റെ പന്തില്‍ ഹോപ് വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു. പിന്നീട് ഹെറ്റ്മിര്‍ (11), സുനില്‍ ആംബ്രിസ് (0), റോസ്റ്റന്‍ ചേസ് (20), ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുകയായിരുന്ന കീറണ്‍ പവല്‍ (83) എന്നിവരെക്കൂടി പുറത്താക്കി കുല്‍ദീപ് വിന്‍ഡീസിനെ ആറിന് 151 എന്ന നിലയിലേക്ക് തള്ളിവിട്ടു. കീമോ പോള്‍ (15), ഷെര്‍നന്‍ ലെവിസ് (4), സ്റ്റുവര്‍ട്ട് ഗബ്രിയേല്‍ എന്നിവരെ ജഡേജ മടക്കിയപ്പോള്‍ ബിഷൂവിന്റെ (9) വിക്കറ്റ് അശ്വിനാണ് നേടിയത്. ഡൗറിച്ച് (16) പുറത്താകാതെ നിന്നു.