X

ടെസ്റ്റ് അരങ്ങേറ്റത്തില്‍ പൃഥ്വി ഷാക്ക് സെഞ്ച്വറി; വിന്‍ഡീസിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍

രാജ്‌കോട്ട്: 18-കാരന്‍ പൃഥ്വി ഷാ അരങ്ങേറ്റത്തില്‍ സെഞ്ച്വറിയുമായി തകര്‍ത്താടിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ലോകേഷ് രാഹുലിനൊപ്പം ഓപണറായിറങ്ങിയ പൃഥ്വി ഷാ 99 പന്തില്‍ നിന്നാണ് മൂന്നക്കം കടന്ന് ചരിത്രത്തില്‍ ഇടം നേടിയത്. സ്‌കോര്‍ ബോര്‍ഡില്‍ മൂന്നു റണ്‍സ് മാത്രം ഉണ്ടായിരിക്കെ രാഹുല്‍ (0) പുറത്തായെങ്കിലും രണ്ടാം വിക്കറ്റില്‍ ഷായും (115 നോട്ടൗട്ട്) പുജാരയും (86) 206 റണ്‍സ് ചേര്‍ത്തു. ആദ്യദിനം കളി പാതിവഴി പിന്നിടുമ്പോള്‍ ഇന്ത്യ രണ്ടിന് 213 എന്ന നിലയിലാണ്. വിരാത് കോലി (0) ആണ് ഷാക്കൊപ്പംക്രീസില്‍

ഷാനന്‍ ഗബ്രിയേല്‍ എറിഞ്ഞ ആദ്യ ഓവറില്‍ രാഹുല്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായെങ്കിലും ഷായുടെയും മൂന്നാമനായിറങ്ങിയ പുജാരയുടെയും മികച്ച ഇന്നിങ്‌സുകള്‍ ആതിഥേയര്‍ക്ക് അനുഗ്രഹമാവുകയായിരുന്നു.

സ്‌കൂള്‍ ക്രിക്കറ്റിലും ആഭ്യന്തര ക്രിക്കറ്റിലും മിന്നും പ്രകടനം കാഴ്ചവെച്ച പൃഥ്വി ഷാ ടെസ്റ്റ് അരങ്ങേറ്റത്തില്‍ വിന്‍ഡീസിന്റെ ദുര്‍ബമായ ബൗളിങ് നിരയെ കടന്നാക്രമിച്ചു. ബാക്ക്ഫുട്ട് സ്‌ട്രോക്ക് പ്ലേ പ്രധാന ആയുധമാക്കിയ കൗമാരതാരം കാര്യമായ പിഴവുകളൊന്നും വരുത്തിയില്ല. 99 പന്തില്‍ 15 ബൗണ്ടറി സഹിതമായിരുന്നു താരത്തിന്റെ സെഞ്ച്വറി.

ഷര്‍മന്‍ ലൂയിസിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് പുജാര (86) പുറത്തായത്. 130 പന്ത് നേരിട്ട വെറ്ററന്‍ താരം 14 ബൗണ്ടറികള്‍ നേടി.

മുത്തശ്ശിയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നാട്ടിലേക്കു മടങ്ങിയ കമര്‍ റോച്ചിനു പുറമെ കണങ്കാലില്‍ പരിക്കുള്ള നായകന്‍ ജേസണ്‍ ഹോള്‍ഡറും വിന്‍ഡീസിനു വേണ്ടി കളിക്കുന്നില്ല. ഹോള്‍ഡറുടെ അഭാവത്തില്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് ആണ് നായകന്‍. മൂന്ന് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരുമടങ്ങുന്ന ടീമിനെയാണ് ഇന്ത്യ ഇറക്കിയത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: