റോസിയോ: പഴയ വീര്യമൊന്നും വിന്‍ഡീസിന് ഇപ്പോഴില്ല. ഏകദിന ലോകകപ്പിന് പോലും യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടവര്‍. അവര്‍ക്കെതിരെ ഇന്ത്യ ടെസ്റ്റ് പരമ്പരക്കിറങ്ങുമ്പോള്‍ വ്യക്തമായ സാധ്യത രോഹിത് ശര്‍മയുടെ സംഘത്തിന് തന്നെ. നാളെ മുതലാണ് ടെസ്റ്റ് പരമ്പരക്ക് തുടക്കം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന് ശേഷം ഇന്ത്യ ഒരു ടെസ്റ്റ് മല്‍സരം കളിച്ചിരുന്നു. ലണ്ടനിലെ ഓവലില്‍ ഓസ്ട്രേലിയക്കെതിരെ ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. അതില്‍ തകര്‍ന്നതിന് ശേഷമുള്ള ആദ്യ മല്‍സരമാണിത്. ടെസ്റ്റ് സംഘത്തില്‍ കാര്യമായ മാറ്റമുണ്ട്.
ചേതേശ്വര്‍ പുജാര എന്ന ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ടീമില്‍ ഇല്ല. പ്രധാന സീമര്‍ മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചിരിക്കുന്നു. ജസ്പ്രീത് ബുംറ പരുക്കില്‍ നിന്ന് മുക്തനായി വരുന്നതേയുള്ള. ബുംറ ദീര്‍ഘകാലമായി വിശ്രമത്തിലാണെങ്കിലും അദ്ദേഹത്തിന്റെ അഭാവത്തില്‍ മുഹമ്മദ് ഷമിയാണ് ബൗളിംഗിന് മേല്‍നോട്ടം വഹിച്ചത്. ഷമി ഇല്ലാത്ത സാഹചര്യത്തില്‍ മുഹമ്മദ് സിറാജാണ് ടീമിലെ സീനിയര്‍ സീമര്‍. വിന്‍ഡീസ് സാഹചര്യങ്ങള്‍ പേസിനെ പിന്തുണക്കുന്നതാണ്. നവദീപ് സെയ്നി, ഷാര്‍ദ്ദുല്‍ ഠാക്കൂര്‍, മുകേഷ് കുമാര്‍, ജയദേവ് ഉനത്കര്‍ തുടങ്ങി താരതമ്യേന യുവ ബൗളര്‍മാരാണ് സിറാജിനൊപ്പമുള്ളത്. സ്പിന്‍ വകുപ്പില്‍ രവിചന്ദ്രന്‍ അശ്വിനൊപ്പം രവീന്ദു ജഡേജ, അക്സര്‍ പട്ടേല്‍ എന്നിവരുണ്ട്. ബാറ്റിംഗില്‍ വിശ്വസ്തര്‍ ധാരാളമുണ്ട്. ഒരിക്കല്‍ കൂടി ടീമിന്റെ ഉപനായക പദവിയിലേക്ക് വന്നിരിക്കുന്നു അജിങ്ക്യ രഹാനേ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ മികവിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ടീമിലെ സ്ഥാനം നിലനിര്‍ത്തിയതെങ്കില്‍ നായകന്‍ രോഹിതിന് കാര്യങ്ങള്‍ എളുപ്പമാവില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ദയനീയ തോല്‍വിയില്‍ രോഹിതിനെതിരെ കാര്യമായ വിമര്‍ശനങ്ങളുണ്ട്. അജിത് അഗര്‍ക്കറാണ് പുതിയ സെലക്ഷന്‍ കമ്മിറ്റി തലവന്‍. ഇന്ത്യന്‍ ക്രിക്കറ്റില്‍ തലമുറമാറ്റം വേണമെന്ന് വാദിക്കുന്നയാളാണ് അഗര്‍ക്കര്‍. അതിനാല്‍ തന്നെ വിന്‍ഡീസിനെതിരെ രണ്ട് ടെസ്റ്റിലും വിജയിക്കാത്തപക്ഷം രോഹിതിന് സ്ഥാനം നിലനിര്‍ത്തുക എളുപ്പമായിരിക്കില്ല. ശുഭ്മാന്‍ ഗില്‍, വിരാത് കോലി എന്നിവര്‍ അടുത്ത സ്ഥാനങ്ങളില്‍ വരും.
വിന്‍ഡീസ് സംഘത്തെ നയിക്കുന്നത് ക്രെയിഗ് ബ്രാത്ത്വെയിറ്റാണ്. അനുഭവ സമ്പന്നരായി ടീമിലുള്ളത് ജാസോണ്‍ ഹോള്‍ഡറും അല്‍സാരി ജോസഫും കീമാര്‍ റോഷും മാത്രം. ഓപ്പണിംഗ് ബാറ്റ്സ്മാനാണ് ബ്രാത്ത്വെയിറ്റ്. കിര്‍ക് മക്കന്‍സി, ജെറമൈന്‍ ബ്ലാക് വുഡ്, ടാഗ്നരൈന്‍ ചന്ദര്‍പോള്‍, ജോഷ്വ ഡാസില്‍വ എന്നിവരാണ് ബാറ്റിംഗ് വിലാസക്കാര്‍. ഇന്ത്യന്‍ സമയം രാത്രി 7-30 മുതലാണ് മല്‍സരം.