തരുബ: സഞ്ജു സാംസണും സൂര്യകുമാര്‍ യാദവിനും ഒരിക്കല്‍ കൂടി കോച്ച് രാഹുല്‍ ദ്രാവിഡ് അവസരം നല്‍കുമോ..? ഇന്ത്യ-വിന്‍ഡീസ് നിര്‍ണായക മൂന്നാം ഏകദിനം ഇന്ന് നടക്കുമ്പോള്‍ സീനിയേഴ്‌സായ നായകന്‍ രോഹിത് ശര്‍മയും വിരാത് കോലിയും തിരിച്ചുവരുമോ അതോ രണ്ടാം ഏകദിനത്തിലെ ടീമിനെ തന്നെ കോച്ച് നിലനിര്‍ത്തുമോ എന്നതാണ് വലിയ ചോദ്യം.
ഇന്ന് രാത്രി ഏഴ് മുതലാണ് മല്‍സരം. മൂന്ന് മല്‍സര പരമ്പരയിലെ ആദ്യ മല്‍സരം ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ രണ്ടാം മല്‍സരത്തില്‍ വിന്‍ഡീസ് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയിരുന്നു. തോല്‍വിക്ക് ശേഷം സംസാരിച്ച കോച്ച് രാഹുല്‍ ദ്രാവിഡ് ഏഷ്യാ കപ്പും ഏകദിന ലോകകപ്പും മുന്‍നിര്‍ത്തി എല്ലാവര്‍ക്കും അവസരം നല്‍കുകയാണെന്നും അതിനാല്‍ തോല്‍വി കാര്യമാക്കുന്നില്ലെന്നുമാണ് വ്യക്തമാക്കിയത്. കോച്ച് തന്റെ വാക്കില്‍ ഉറച്ച് നില്‍ക്കുന്നപക്ഷം സഞ്ജുവിന് അവസരമുണ്ടാവും. രണ്ടാം ഏകദിനത്തില്‍ അവസരം കിട്ടിയിട്ടും ഇത് ഉപയോഗപ്പെടുത്താന്‍ മലയാളി താരത്തിനായിരുന്നില്ല. കേവലം ഒമ്പത് റണ്‍സില്‍ അദ്ദേഹം വിന്‍ഡീസിന്റെ യുവ സ്പിന്നര്‍ക്ക് അനായാസം വിക്കറ്റ് സമ്മാനിക്കുകയായിരുന്നു.
സൂര്യകുമാറിന് രണ്ട് മല്‍സരങ്ങളിലും അവസരമുണ്ടായിരുന്നു. രണ്ട് കളികളിലും അദ്ദേഹം പരാജയപ്പെട്ടു. എന്നാല്‍ മുംബൈ താരത്തിന്റെ കാര്യത്തില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്ന് വ്യക്തമാക്കിയ ദ്രാവിഡ് സഞ്ജുവിന്റെ കാര്യത്തില്‍ പേരെടുത്ത് പരാമര്‍ശം നടത്തിയിരുന്നില്ല. ഏകദിന ലോകകപ്പില്‍ അവസരമില്ലെങ്കിലും ഇന്ത്യക്കെതിരെ ഒരു പരമ്പര നേട്ടമെന്നത് വിന്‍ഡീസിന് നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള അവസരമാവുമെന്നാണ് നായകന്‍ ഷായ് ഹോപ്പ് പറഞ്ഞത്. അതിനാല്‍ തകര്‍പ്പന്‍ പ്രകടനമാണ് ആതിഥേയര്‍ വാഗ്ദാനം ചെയ്യുന്നത്. ബ്രിഡ്ജ്ടൗണിലായിരുന്നു ആദ്യ രണ്ട് ഏകദിനങ്ങളും. അവിടെ പിച്ച് പേസിനെയും സ്പിന്നിനെയും തുണച്ചപ്പോള്‍ ഇന്ന് കളി നടക്കുന്ന തരുബയില്‍ സ്പിന്നര്‍മാര്‍ക്കാണ് സാധ്യത.