X

വിശാഖപട്ടണം ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം; ഇ​ഗ്ലീഷ് പടയെ തകർത്തത് 106 റൺസിന്

പേസര്‍ ജസ്പ്രീത് ബുംറയും സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനും ചേര്‍ന്ന് ഇംഗ്ലീഷ് ബൗളര്‍മാരെ എറിഞ്ഞിട്ടതോടെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 106 റണ്‍സ് ജയം. 399 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സന്ദര്‍ശകര്‍ 292 റണ്‍സിന് പുറത്താവുകയായിരുന്നു. 73 റണ്‍സെടുത്ത ഓപണര്‍ സാക് ക്രോളിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി പന്തെറിഞ്ഞവരെല്ലാം വിക്കറ്റെടുത്ത മത്സരത്തില്‍ ബുംറയും അശ്വിനും മൂന്നുപേരെ വീതം മടക്കിയപ്പോള്‍ മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

28 റണ്‍സെടുത്ത ഓപണര്‍ ബെന്‍ ഡെക്കറ്റിന്റെ വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയില്‍ നാലാം ദിനം കളി പുനരാരംഭിച്ച ഇംഗ്ലണ്ടിനായി ആര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല. 23 റണ്‍സെടുത്ത രെഹാന്‍ അഹ്മദിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. താരത്തെ അക്‌സര്‍ പട്ടേല്‍ വിക്കറ്റിന് മുമ്പില്‍ കുടുക്കുകയായിരുന്നു. തുടര്‍ന്ന് ഒലീ പോപിനെയും (23), ജോ റൂട്ടിനെയും (16) അശ്വിന്‍ മടക്കി. പിടിച്ചുനിന്ന സാക് ക്രോളിയുടെ ഊഴമായിരുന്നു അടുത്തത്. 132 പന്തുകള്‍ നേരിട്ട് 73 റണ്‍സെടുത്ത ക്രോളിയെ കുല്‍ദീപ് യാദവ് വിക്കറ്റിന് മുമ്പില്‍ കുടുക്കുകയായിരുന്നു. ജോണി ബെയര്‍‌സ്റ്റോയെ (26) ബുംറയും സമാന രീതിയില്‍ മടക്കി.

11 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ശ്രേയസ് അയ്യരുടെ ഏറില്‍ റണ്ണൗട്ടായി മടങ്ങിയതോടെ ഇന്ത്യ ജയമുറപ്പിച്ചു. എന്നാല്‍, ബെന്‍ ഫോക്‌സും ടോം ഹാര്‍ട്ട്‌ലിയും (36) പൊരുതിനിന്നത് ആശങ്കയുണ്ടാക്കി. ഫോക്‌സിനെ ബുംറ സ്വന്തം ബാളില്‍ പിടികൂടിയതിന് പിന്നാലെയെത്തിയ ശുഐബ് ബഷീര്‍ റണ്‍സെടുക്കാനാവാതെ മടങ്ങിയതിന് പിന്നാലെ ഹാര്‍ട്ട്‌ലിയെ ബുംറ ബൗള്‍ഡാക്കുകയും ചെയ്തതോടെ ഇംഗ്ലണ്ട് ഇന്നിങ്‌സിനും വിരാമമായി. ജെയിംസ് ആന്‍ഡേഴ്‌സന്‍ അഞ്ച് റണ്‍സുമായി പുറത്താകാതെ നിന്നു.

ആദ്യ ഇന്നിങ്‌സില്‍ ഓപണര്‍ യശസ്വി ജയ്‌സ്വാള്‍ നേടിയ ഇരട്ട സെഞ്ച്വറിയുടെ (209) കരുത്തില്‍ നേടിയ 143 റണ്‍സിന്റെ ലീഡാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. 396 റണ്‍സെടുത്ത ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് നേടാനായത് 255 റണ്‍സാണ്. എന്നാല്‍, രണ്ടാം ഇന്നിങ്‌സില്‍ ശുഭ്മന്‍ ഗില്ലിന്റെ സെഞ്ച്വറിയുണ്ടായിട്ടും ഇന്ത്യ 253 റണ്‍സിന് പുറത്തായി. ഇതോടെയാണ് സന്ദര്‍ശകരുടെ വിജയലക്ഷ്യം 399 റണ്‍സായി നിശ്ചയിക്കപ്പെട്ടത്.

 

webdesk13: