മലേഷ്യ: ഇന്ത്യ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ആവേശ ഫൈനലില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് ഉജ്വല വിജയം.
മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
ചിരവൈരികളായ പാകിസ്താനെ കീഴടക്കി നാലാമത് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ഹോക്കി ടീം ഒന്നാന്തരമൊരു ദീപാവലി സമ്മാനമാണ് രാജ്യത്തിന് നല്‍കിയത്.
രൂപീന്ദര്‍ പാല്‍ സിങ്, അഫാന്‍ യൂസുഫ്, നിക്കി തിമ്മയ്യ എന്നിവരുടെ ഗോളുകളാണ് അഭിമാനപ്പോരാട്ടത്തില്‍ ഇന്ത്യക്ക് വിജയമൊരുക്കിയത്.
മടക്കമില്ലാത്ത രണ്ട് ഗോളിന് മുന്നിട്ടു നിന്നശേഷം സമനില വഴങ്ങിയശേഷമാണ് ഇന്ത്യ വിജയിച്ചത്. പകുതി സമയത്ത് ഒന്നിനെതിരെ രണ്ട് ഗോളിന് മുന്നിലായിരുന്നു ഇന്ത്യ.
ഫൈനല്‍ മത്സരത്തിന്റെ പതിനെട്ടാം മിനുറ്റില്‍ രൂപീന്ദര്‍പാല്‍ സിങ്ങിന്റെ പെനാല്‍റ്റി കോര്‍ണറിലൂടെയാണ് ഇന്ത്യ മുന്നിലെത്തിയത്. മത്സരത്തില്‍ ഇന്ത്യയ്ക്ക് കിട്ടിയ രണ്ടാം പെനാല്‍റ്റി കോര്‍ണര്‍ രൂപീന്ദര്‍പാല്‍ കിടിലന്‍ ഗോളാക്കി മാറ്റുകയായിരുന്നു.
തുടര്‍ന്ന് 2-ാം മിനുറ്റില്‍ സര്‍ദാര്‍ സിങ് കൊടുത്ത ഒരു നെടുനീളന്‍ പാസ് സ്വീകരിച്ച്് അഫന്‍ യൂസഫ് ഇന്ത്യയുടെ ലീഡ് ഇരട്ടിയാക്കി. സര്‍ക്കിളിനുള്ളില്‍ നിന്നും രമണ്‍ദീപ് പിടിച്ചെടുത്ത ബോള്‍ ഏറ്റിവാങ്ങിയ യൂസഫ് അത് നന്നായി പോസ്റ്റിലേയ്ക്ക് ഡിഫല്‍ക്റ്റ് ചെയ്തു വിടുകയായിരുന്നു.
എന്നാല്‍, മിനിറ്റുകള്‍ക്കുള്ളില്‍ മുഹമ്മദ് അലീം ബിലാലിലൂടെ പാകിസ്താന്‍ ഗോള്‍ മടക്കി. അക്രമം തുടര്‍ന്ന പാക്കിസ്താന്‍് 38-ാം മിനിറ്റില്‍ അലി ഷാനിലൂടെ ഇന്ത്യയെ ഞെട്ടിച്ച സ്‌കോര്‍ തുല്ല്യമാക്കി. ടൂര്‍ണമെന്റില്‍ അലി ഷായുടെ രണ്ടാം ഗോളായിരുന്നു അത്.
എന്നാല്‍, അഭിമാന പോരാട്ടത്തിന്റെ 51-ം മിനിറ്റില്‍ വിലപ്പെട്ട ഗോളുമായി എത്തിയ നിഖിന്‍ തിമ്മയ്യ ഇന്ത്യയ്ക്ക് കിരീടം ഉറപ്പിക്കുകയായിരുന്നു.
നേരത്തെ ഒരവസം നഷ്ടപ്പെടുത്തിയ തിമ്മയ്യയ്ക്ക് ഇക്കുറി ഗോളിയെ ഒന്നാന്തരമായി കളിപ്പിച്ചാണ് ബോള്‍ വലയിലേക്ക് കയറ്റിയത്.
ജസ്ജിത് നല്‍കിയ പാസ് പിടിച്ചെടുത്ത രമണ്‍ദീപാണ് നിഖിന്‍ തിമ്മയ്യക്ക് പന്ത് നല്‍കിയത്. കളിയുടെ അന്ത്യ നിമിഷത്തിലായിരുന്നു രാജ്യത്തെ മുന്നിലാക്കിയ ഈ ഗോള്‍. അതേസമയം അമ്പത്തിമൂന്നാം മിനിറ്റില്‍ ഇന്ത്യയെ വിറപ്പിച്ച് പാകിസ്താന് ഒരു പെനാല്‍റ്റി കോര്‍ണര്‍ നേടിയെങ്കിലും പന്ത് നിയന്ത്രിക്കാനാവാതെ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
ഇന്ത്യയുടെ രണ്ടാമത്തെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടമാണിത്. നേരത്തെ ടൂര്‍ണമെന്റിന്റെ ലീഗ് റൗണ്ടിലും ഇന്ത്യ പാകിസ്താനെ തോല്‍പിച്ചിരുന്നു.