ഇന്ത്യ പാകിസ്താനില്‍ കളിക്കില്ലെന്ന സ്ഥിരീകരണവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ചാമ്പ്യന്‍സ് ട്രോഫി ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ ഹൈബ്രിഡ് മാതൃകയില്‍ നടത്താനാണ് തീരുമാനം. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ മത്സരങ്ങള്‍ പാകിസ്താന് പുറത്തുവെച്ചായിരിക്കും നടത്തുക. അതേസമയം പാകിസ്താനും ഇന്ത്യയിലേക്ക് കളിക്കാനെത്തില്ല. ഹൈബ്രിഡ് മാതൃക 2027 വരെ തുടരാനാണ് തീരുമാനം.
ചാമ്പ്യന്‍സ് ട്രോഫി ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലായി നടക്കുമെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പറഞ്ഞു. 2027 വരെയുള്ള ഒരു ടൂര്‍ണമെന്റിനുും പാകിസ്താന്‍ ഇന്ത്യയിലുമെത്തില്ലെന്നും ഐസിസി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലടക്കം പാകിസ്താന്‍ പങ്കെടുത്തിരുന്നു. 2025ല്‍ ഇന്ത്യയില്‍ നടക്കുന്ന വനിത ട്വന്റി 20 ലോകകപ്പും 2026ല്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പും ഹൈബ്രിഡ് മാതൃകയിലായിരിക്കും നടക്കുക.
2025 ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയുടെ വിശദ വിവരങ്ങള്‍ ഐസിസി പുറത്തുവിടും. 2017ലാണ് കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫി നടന്നത്. അന്ന് ഇന്ത്യയെ ഫൈനലില്‍ പരാജയപ്പെടുത്തിയ പാകിസ്താന്‍ വിജയം കൈവരിച്ചിരുന്നു. അഫ്ഗാനിസ്ഥാന്‍, ആസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ എട്ടു രാജ്യങ്ങളാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കുന്നത്.