ലൗ ജിഹാദിനെതിരെ ഹിന്ദുക്കള്‍ക്കൊപ്പം ക്രിസ്ത്യാനികളും കൈകോര്‍ക്കണമെന്ന് തെലങ്കാനയിലെ വിവാദ ബി.ജെ.പി എം.എല്‍.എ ടി. രാജ സിങ്. ജിഹാദികളുടെയും അവരുടെ നിയമസഭാംഗങ്ങളുടെയും എണ്ണം വര്‍ദ്ധിച്ചാല്‍ അടുത്ത ഇരുപത്, മുപ്പത് വര്‍ഷത്തിനുള്ളില്‍ ഒരു ഹിന്ദു പ്രധാനമന്ത്രി ഇന്ത്യയില്‍ ഉണ്ടാവില്ലെന്നും ഗോവയിലെ കുര്‍ചോറമില്‍ ബജ്‌റംഗ്ദള്‍ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
‘ലൗ ജിഹാദികള്‍ ഒരിക്കലും ഹിന്ദുക്കളെ മാത്രമല്ല ലക്ഷ്യമിടുന്നത്. ഗോവയിലെ ക്രിസ്ത്യന്‍ സഹോദരന്മാരോട് എനിക്ക് പറയാനുള്ളത്, പൂര്‍ണമായി വ്യക്തമാക്കുന്നിലെങ്കിലും നിങ്ങള്‍ കേരള സ്‌റ്റോറി എന്ന സിനിമ കാണണം എന്നാണ്. മുസ്‌ലിം പുരുഷന്മാര്‍ മറ്റ് മതത്തിലെ സ്ത്രീകളെ വിവാഹത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി ലൗ ജിഹാദ് നടത്തുന്നു,’അദ്ദേഹം പറഞ്ഞു.
ലൗ ജിഹാദിന്റെ പേരില്‍ ഹിന്ദു, ക്രിസ്ത്യന്‍ മതത്തില്‍പ്പെട്ട പെണ്‍കുട്ടികളെ എങ്ങനെ വശീകരിക്കുന്നുവെന്നാണ് കേരള സ്‌റ്റോറിയെന്ന സിനിമ കാണിക്കുന്നതെന്നും ലൗ ജിഹാദിനെതിരെ പോരാടാന്‍ ക്രിസ്ത്യന്‍സ് ഹിന്ദുക്കള്‍ക്കൊപ്പം കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കള്‍ നിങ്ങള്‍ക്കായി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും ഒന്നിച്ചാല്‍ നമ്മുടെ ശക്തി വര്‍ദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ ജനസംഘ്യ വര്‍ദ്ധനവ് പരിശോധിച്ചാല്‍ അടുത്ത 10 മുതല്‍ 20 വര്‍ഷത്തിനുള്ളില്‍ രാമനവമി, ഹനുമാന്‍ ജയന്തി തുടങ്ങിയ ഉത്സവങ്ങള്‍ക്ക് ഘോഷയാത്രകള്‍ സംഘടിപ്പിക്കാന്‍ ഹിന്ദുക്കള്‍ക്ക് കഴിയില്ലെന്നും രാജ സിങ് പറഞ്ഞു.
‘ജിഹാദികളുടെ ജനസംഖ്യ വര്‍ദ്ധിക്കുകയും അവരുടെ എം.എല്‍.എ.മാരുടെയും എം.പി.മാരുടെയും എണ്ണം കൂടുകയും ചെയ്താല്‍, അടുത്ത ഇരുപത്, 25 വര്‍ഷത്തിനുള്ളില്‍ ഇവിടെ ഉണ്ടാവുക മുസ്‌ലിം പ്രധാനമന്ത്രിയായിരിക്കും. കുടുംബാസൂത്രണം തുടര്‍ന്നാല്‍ ഇരുപത്തഞ്ചു 30 വര്‍ഷത്തിനുള്ളില്‍ പാകിസ്ഥാനിലെ ഹിന്ദുക്കളുടെ അവസ്ഥയായിരിക്കും ഇവിടുത്തെ ഹിന്ദുക്കള്‍ക്കും,’എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
അയല്‍രാജ്യത്ത് ഹിന്ദുക്കള്‍ കൊല്ലപ്പെടുകയും അവരുടെ കടകള്‍ കൊള്ളയടിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് അദ്ദേഹം ബംഗ്ലാദേശിനെക്കുറിച്ചും പരാമര്‍ശിച്ചു. ബംഗ്ലാദേശികള്‍ സഹായത്തിനായി അഭ്യര്‍ത്ഥിക്കുകയാണെന്നും ബംഗ്ലാദേശിലെ ഹിന്ദുക്കളെ സംരക്ഷിക്കാനായി ‘ബജ്‌രംഗി’ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കെതിരെ ആരൊക്കെ വന്നാലും ഇതേ ഗതി തന്നെയാവുമെന്നും ബംഗ്ലാദേശിന്റെ പതാക വലിച്ചുകീറികൊണ്ട് രാജ സിങ് പറഞ്ഞു.
വര്‍ഗീയ പ്രസംഗങ്ങളുടെ പേരില്‍ നേരത്തെയും വിവാദങ്ങളുടെ ഭാഗമായ എം.എല്‍.എയാണ് ടി.രാജ സിങ്. ഹൈദരാബാദിലെ ഗോഷാമഹലില്‍ നിന്നുള്ള അദ്ദേഹം ചില കേസുകളിലും ഉള്‍പെട്ടിട്ടുണ്ട്.