X

ഈ ബുൾഡോസർ നീതി ഇന്ത്യ സഖ്യം അംഗീകരിക്കില്ല; പുതിയ ക്രിമിനൽ നിയമങ്ങൾക്കെതിരെ മല്ലികാർജുൻ ഖാർഗെ

ഇന്ത്യ സഖ്യം ബുൾഡോസർ നീതി അംഗീകരിക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പുതിയ ക്രിമിനൽ നിയമങ്ങൾ നിർബന്ധിച്ച് പാസാക്കിയതാണെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പുതിയ നിർബന്ധിത നിയമങ്ങൾ രാജ്യത്ത് നില നിൽക്കാൻ ഇന്ത്യാ സഖ്യം അനുവദിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ ആഘാതത്തിന് ശേഷം ബി.ജെ.പി ഭരണഘടനയെ അംഗീകരിക്കുന്നതായി നടിക്കുകയാണ്. മോദി ഭരണഘടനയെ ബഹുമാനിക്കുന്നതായി നടിക്കുന്നു. എന്നാൽ ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ മൂന്ന് നിയമങ്ങൾ നിലനിൽക്കുന്നുവെന്നതാണ് സത്യം.

146 എം.പിമാരെ സസ്‌പെൻഡ് ചെയ്ത ശേഷം പാസാക്കിയെടുത്തതാണ് ഈ നിയമം. അതാണ് ഇന്ന് മുതൽ നടപ്പാക്കിയത്. പാർലമെൻ്ററി സംവിധാനത്തിൽ ഈ ‘ബുൾഡോസർ നീതി’ നിലനിൽക്കാൻ ഇന്ത്യാ സഖ്യം അനുവദിക്കില്ല,’ ഖാർഗെ പറഞ്ഞു.
ഇന്ത്യൻ ശിക്ഷാ നിയമം (ഐ.പി.സി), ക്രിമിനൽ നടപടിക്രമം, ഇന്ത്യൻ തെളിവു നിയമം എന്നിവയ്ക്ക് പകരമായി കൊണ്ടുവന്ന ഭാരതീയ ന്യായ് സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അതീനിയം എന്നിവയാണ് ഇന്ന് മുതൽ നടപ്പാക്കിയത്.
പുതിയ നിയമങ്ങൾ വരുന്നതോടുകൂടി നൂറ്റാണ്ടുകൾ പഴക്കമുള്ള പഴയ നിയമങ്ങൾ ഇല്ലാതാവും. ഇന്നു മുതൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതും പുതിയ നിയമപ്രകാരമായിരിക്കും. നിയമം നടപ്പാക്കുന്നതിന് മുമ്പുള്ള കുറ്റങ്ങളിലും പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യവസ്ഥകൾ ബാധകമാകും. പുതിയ ക്രിമിനൽ നിയമങ്ങൾ പാർലമെൻ്റ് പുനഃപരിശോധിക്കണമെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരിയും ആവശ്യപ്പെട്ടു.

webdesk13: