സെഞ്ചൂറിയന്‍: കയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ട കേപ്ടൗണ്‍ ടെസ്റ്റിന്റെ നിരാശ മറക്കാന്‍ ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിന് ഇന്നിറങ്ങുന്നു. ആതിഥേയരെ എന്നും അകമഴിഞ്ഞു സഹായിച്ചിട്ടുള്ള സെഞ്ചൂറിയനില്‍ വിരാത് കോലിക്കും സംഘത്തിനും മുന്നിലുള്ള ലക്ഷ്യം ചെറുതല്ല; ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ പരമ്പര വിജയം എന്ന സ്വപ്‌ന തുല്യമായ നേട്ടത്തിലേക്ക് കണ്ണെറിയണമെങ്കില്‍ ഇവിടെ ജയം അനിവാര്യമാണ്; പരമ്പര നഷ്ടം എന്ന നാണക്കേട് ഒഴിവാക്കാന്‍ തോല്‍ക്കാതിരിക്കുകയെങ്കിലും വേണം.
ന്യൂലാന്റ്‌സില്‍ മൂന്നു ദിവസം മാത്രം കളി നടന്ന ഒന്നാം ടെസ്റ്റ് ഒരു സൂചകമായെടുക്കുകയാണെങ്കില്‍ സെഞ്ചൂറിയനില്‍ ഇന്ത്യ കളിക്കു മുമ്പേ തോറ്റു കഴിഞ്ഞു. ഡെയ്ല്‍ സ്‌റ്റെയ്‌നിന് രണ്ടാം ഇന്നിങ്‌സില്‍ ഒരു പന്തുപോലും എറിയാന്‍ കഴിയാതിരുന്നിട്ടും ഇന്ത്യയുടെ വിഖ്യാത ബാറ്റിങ് നിരയെ മുട്ടുകുത്തിച്ച് ആധികാരികമായാണ് ദക്ഷിണാഫ്രിക്ക ജയം പിടിച്ചെടുത്തത്. സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്കിന്റെ കാര്യത്തില്‍ ദക്ഷിണാഫ്രിക്കക്ക് ആത്മവിശ്വാസം വര്‍ധിക്കാന്‍ അതിലേറെ കാരണങ്ങളുണ്ട്. ഇവിടെ കളിച്ച ഏഷ്യന്‍ ടീമുകളെല്ലാം ഒരിക്കലെങ്കിലും ഇന്നിങ്‌സിന് തോറ്റിട്ടുണ്ട് എന്നതു തന്നെ.
രണ്ടാം ടെസ്റ്റിന് ടീമിനെ ഒരുക്കുമ്പോള്‍ ഒരു കാര്യത്തില്‍ മാത്രമേ ദക്ഷിണാഫ്രിക്കക്ക് ആശയക്കുഴപ്പം ഉണ്ടാകാനിടയുള്ളൂ. നാല് പേസര്‍മാരെ ഉള്‍പ്പെടുത്തിയുള്ള ആക്രമണത്തില്‍ സ്റ്റെയ്‌നിനു പകരം ആര് എന്നതില്‍ മാത്രം. ക്രിസ് മോറിസ്, ലുങ്കി എന്‍ഗിഡി, ആന്‍ഡല്‍ പെഹ്ലുഖ്വായോ, ഡുവാന്‍ ഒലിവര്‍ എന്നിവരില്‍ ആര്‍ക്കു വേണമെങ്കിലും നറുക്കുവീഴാം. കൡവാഴുക ബൗളര്‍മാരാവും എന്നതിനാല്‍ ബാറ്റിങിനെപ്പറ്റി അധികം ആലോചിക്കാനില്ല.
ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ പേസര്‍മാരെല്ലാം മികച്ച ഫോമിലായിരുന്നു എന്നതിനാല്‍ വിരാത് കോലിക്ക് അതിനെപ്പറ്റി ചിന്തിക്കേണ്ടി വരില്ല. എന്നാല്‍, ബാറ്റിങില്‍ കുറച്ച് കണക്കുകൂട്ടല്‍ നടത്തേണ്ടി വരും. ഉപഭൂഖണ്ഡത്തിനു പുറത്ത് മികച്ച റെക്കോര്‍ഡുള്ള അജിങ്ക്യ രഹാനെയെ പുറത്തിരുത്തിയതാണ് കേപ്ടൗണില്‍ ഇന്ത്യ തോല്‍ക്കാന്‍ കാരണം എന്ന് കരുതുന്നവര്‍ കുറവല്ല. ചേതേശ്വര്‍ പുജാര, കോലി, രോഹിത് ശര്‍മ എന്നീ പ്രമുഖരടങ്ങുന്ന ബാറ്റിങ് ലൈനപ്പില്‍ ചില മാറ്റങ്ങള്‍ ഇന്നുണ്ടായേക്കാം. ഇന്നലെ പത്രസമ്മേളനത്തില്‍ രഹാനെയെപ്പറ്റി കോലി കുറച്ചധികം സംസാരിച്ചത്, താരത്തിന് പ്ലെയിങ് ഇലവനില്‍ അവസരം ഉണ്ടാകും എന്നതിന്റെ സൂചനയായി കാണാം. പുജാരക്കു പുറമെ ലോകേഷ് രാഹുലിനെയും കളിപ്പിക്കണമെന്ന മുറവിളി ഉയരുന്നുണ്ട്.
സൂപ്പര്‍ പാര്‍ക്കില്‍ ദക്ഷിണാഫ്രിക്ക കളിച്ച 22 ടെസ്റ്റില്‍ 17-ലും അവര്‍ ജയിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനോടും ഓസ്‌ട്രേലിയയോടും മാത്രമേ അവര്‍ ഇവിടെ തോറ്റിട്ടുള്ളൂ. വേഗതയും സ്വിങും പ്രദാനം ചെയ്യുന്ന പിച്ച് പേസര്‍മാരുടെ പറുദീസയാണ്. ഇന്ത്യ ഇവിടെ കളിച്ചത് ഒരിക്കല്‍ മാത്രമാണ്; അന്ന് സച്ചിന്‍ സെഞ്ച്വറി നേടിയിട്ടും ഇന്നിങ്‌സിന് തോറ്റു.