X
    Categories: More

ഇന്ത്യക്ക് ജീവന്മരണം, ദക്ഷിണാഫ്രിക്കക്കും


ലണ്ടന്‍: ദക്ഷിഫ്രിക്കയെ തോല്‍പ്പിക്കുക എളുപ്പമല്ല-അത് തന്നെയാണ് ഇന്ത്യ നേരിടുന്ന വെല്ലുവിളിയും. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടുമ്പോള്‍ ജയം മാത്രമാണ് രണ്ട് പേരുടെയും മുദ്രാവാക്യം. തോറ്റാല്‍ പുറത്താവും. ആദ്യ മല്‍സരത്തില്‍ അനായാസം പാക്കിസ്താനെ തോല്‍പ്പിച്ച വിരാത് കോലിയുടെ സംഘത്തിന് ശ്രീലങ്കയാണ് രണ്ടാം മല്‍സരത്തില്‍ ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കിയത്.
അതോടെ ഇന്നത്തെ പോരാട്ടം ശരിക്കും ക്വാര്‍ട്ടര്‍ ഫൈനലായി. നിലവിലെ ചാമ്പ്യന്മാര്‍ എന്ന നിലയില്‍ അല്‍പ്പമധികം സമ്മര്‍ദ്ദം ഇന്ത്യന്‍ ക്യാമ്പിലാണ്. ബാറ്റിംഗിലും ബൗളിംഗിലും മികവ് പ്രകടിപ്പിക്കുമ്പോള്‍ തന്നെ ഫീല്‍ഡിംഗ് ടീമിന്റെ ദയനീയതയായി മാറുന്നു. രണ്ട് മല്‍സരത്തിലും നാല്‍പ്പതോളം റണ്‍സ് ഫീല്‍ഡര്‍മാരുടെ പിഴവില്‍ പിറന്നതായിരുന്നു. ഫീല്‍ഡിംഗില്‍ ജാഗ്രത പാലിക്കാത്ത പക്ഷം ദക്ഷിണാഫ്രിക്കയെ പോലെ ബാറ്റിംഗ് മികവുളള ടീമിനെ ചെറുക്കുക പ്രയാസമാണെന്ന് കോലി പറഞ്ഞു. ഡി കോക്ക്, എബി ഡി വില്ലിയേഴ്‌സ്, ഹാഷിം അംല തുടങ്ങിയ ശക്തരായ ബാറ്റ്‌സ്മാന്മാരെ നിയന്ത്രിക്കാന്‍ ഇന്ത്യന്‍ സീമര്‍മാര്‍ക്ക് കഴിഞ്ഞാല്‍ മാത്രമാണ് രക്ഷ. ഭുവനേശ്വര്‍, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ് എന്നിവരെല്ലാം ലങ്കയുടെ അനുഭവം കുറഞ്ഞവര്‍ക്ക് മുന്നില്‍ പതറിയിരുന്നു. ഇത് വരെ അവസരം നല്‍കാതിരുന്ന മുഹമ്മദ് ഷമിക്ക് ഇന്ന് അവസരമുണ്ടാവും. സ്പിന്നര്‍ അശ്വിനെയും പരീക്ഷിക്കേണ്ടി വരും.
ഇംഗ്ലീഷ് പിച്ചുകളില്‍ ബാറ്റിംഗ് എളുപ്പമാവുന്ന സാഹചര്യത്തില്‍ എത്ര വലിയ സ്‌ക്കോറും ഭദ്രമല്ല എന്ന തിരിച്ചറിവാണ് കോച്ച് അനില്‍ കുംബ്ലെ പ്രകടിപ്പിക്കുന്നത്.

chandrika: