X

വാലറ്റം സൂപ്പര്‍: ഇന്ത്യക്ക് മൂന്ന് വിക്കറ്റിന്റെ നാടകീയ ജയം

പല്ലേകലെ:തോല്‍വി മുഖത്ത് നിന്നും ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. മൂന്ന് വിക്കറ്റിന്റെ നാടകീയ ജയവുമായി ഇന്ത്യ പരമ്പരയില്‍ 2-0 ത്തിന് മുന്നിലെത്തി.
രണ്ടാം ഏകദിനത്തില്‍ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക എട്ടിന് 236 റണ്‍സെടുത്തപ്പോള്‍ മഴ മൂലം 47 ഓവറില്‍ 231 എന്ന ലക്ഷ്യമായിരുന്നു ഇന്ത്യക്ക് മുന്നിലുണ്ടായിരുന്നത്.
എന്നാല്‍ ഇന്ത്യ ഒരു ഘട്ടത്തില്‍ മുന്‍നിരയുടെ തകര്‍ച്ചയില്‍ തോല്‍വിയുമായി മുഖാമുഖം വന്നിരുന്നു. ലങ്കന്‍ സ്പിന്നര്‍ അകില ധനജ്ഞയയുടെ സ്പിന്നിന് മുന്നില്‍ കറങ്ങി വീണ ഇന്ത്യയുടെ പുകള്‍പെറ്റ മുന്‍ നിര ബാറ്റ് വെച്ച് കീഴടങ്ങിയപ്പോള്‍ വാലറ്റത്ത് ഭുവനേശ്വര്‍ കുമാറിനെ സാക്ഷി നിര്‍ത്തി മഹേന്ദ്രസിംഗ് ധോണിയാണ് മിന്നും ജയം ടീമിന് സമ്മാനിച്ചത്.


ആറ് ഇന്ത്യന്‍ വിക്കറ്റുകളാണ് ധനജ്ഞയ വീഴ്ത്തിയത്. ഒരു വിക്കറ്റിന് 109 റണ്‍സെന്ന ശക്തമായ നിലയില്‍ നിന്നുമാണ് ഇന്ത്യ മൂക്കും കുത്തി വീണത്. ഓപണര്‍മാരായ രോഹിത് ശര്‍മ 45 പന്തില്‍ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്‌സറുമടക്കം 54 റണ്‍സും, ശിഖര്‍ ധവാന്‍ 49 റണ്‍സുമെടുത്ത് പുറത്തായി. ഇരുവരും പുറത്തായ ശേഷം പിന്നീട് പല്ലെകലെയില്‍ കണ്ടത് ധനജ്ഞയയുടെ മാജിക്കായിരുന്നു. രണ്ടാമനായി എത്തിയ രാഹുലിനെ (04) ക്ലീന്‍ ബൗള്‍ഡ് ചെയ്തുകൊണ്ടാണ് വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ സൂചന ധനജ്ഞയ നല്‍കിയത്. കേദാര്‍ ജാദവ് (01) വന്നത് പോലെ ധനജ്ഞയയുടെ പന്തില്‍ കുറ്റി തെറിച്ച് പുറത്തായി. ക്യാപ്റ്റന്‍ കോലിക്കും ലങ്കക്കാരന്റെ മുന്നില്‍ മറുപടി ഉണ്ടായിരുന്നില്ല. നാല് റണ്‍സായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം. കൂറ്റനടിക്ക് മുതിര്‍ന്ന് ഹര്‍ദിക് പാണ്ഡ്യ (0) ഡിക് വെല്ലയുടെ സ്റ്റമ്പിങില്‍ പുറത്തായി. അക്‌സര്‍ പട്ടേല്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയും (06) പവലിയനിലെത്തി. മുന്‍ ക്യാപ്റ്റന്‍ ധോണി പിന്നീട് ഭുവനേശ്വര്‍ കുമാറിനെ കൂട്ട് പിടിച്ച് രക്ഷാ ദൗത്യം നടത്തിയപ്പോളഅ# പ്രതീക്ഷകള്‍ കുറവായിരുന്നു.

മഹേന്ദ്രസിംഗ് ധോണി ഭുവനേശ്വര്‍ കുമാറിനെ കൂട്ട് പിടിച്ച് നടത്തിയ രക്ഷാ ദൗത്യം

അവിടെയാണ് മഹിയുടെ പോരാട്ടവീര്യം ഉണര്‍ന്നത്. ഭുവനേശ്വറിന് കാര്യമായ ബാറ്റിംഗ് റെക്കോര്‍ഡ് ഇല്ലെങ്കിലും അദ്ദേഹത്തെ കൂട്ടുനിര്‍ത്തി പ്രതിരോധത്തില്‍ ജാഗ്രത പുലര്‍ത്തിയുള്ള മഹി ഇന്നിംഗ്‌സിന് മുന്നില്‍ ലങ്കന്‍ സ്പിന്നര്‍മാര്‍ വിയര്‍ത്തു.
ആക്രമണമായിരുന്നില്ല മുന്‍ ക്യാപ്റ്റന്റെ മുദ്രാവാക്യം-പ്രതിരോധമായിരുന്നു. പന്തുകള്‍ ധാരാളമുള്ളപ്പോള്‍ ഭുവനേശ്വറിന് അവസരം നല്‍കിയുള്ള തന്ത്രപൂര്‍വ്വമായ ഇടപെടലുകള്‍. ഒടുവില്‍ ഭുവനേശ്വര്‍ അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കിയാണ് ഇന്ത്യന്‍ ജയം രാജകീയമാക്കിയത്.
നേരത്തെ ആദ്യം ബാറ്റു ചെയ്ത ലങ്ക ആദ്യ ഏകദിനത്തിലെ നിരുപാധിക കീഴടങ്ങലിന്റെ ക്ഷീണം മാറ്റി ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യന്‍ ബൗളര്‍മാരെ ധീരമായി നേരിട്ട മിലന്‍ഡ സിരിവര്‍ധനയുടെ (58) തിളക്കമാര്‍ന്ന അര്‍ധശതകമാണ് ശ്രീലങ്കയ്ക്ക് പൊരുതാനുള്ള സ്‌കോര്‍ നല്‍കിയത്. മെച്ചപ്പെട്ട സ്‌കോറിലേക്ക് നീങ്ങുകയായിരുന്നു ലങ്കയെ നാല് വിക്കറ്റ് പിഴുത് ജസ്പ്രീത് ഭുംറയാണ് തടയിട്ടത്. ടോസ് നേടിയ കോലി ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ക്യാപ്റ്റനെ നിരാശപ്പെടുത്തുന്ന രീതിയിലായിരുന്നു ലങ്കന്‍ ഓപ്പണര്‍മാരുടെ തുടക്കം. ഒന്നാം വിക്കറ്റില്‍ 41 റണ്‍സ് എടുത്ത ശേഷമാണ് ഇന്ത്യയ്ക്ക് വിക്കറ്റ് വീഴ്ത്താനായത്. 24 പന്തില്‍ 31 റണ്‍സ് എടുത്ത് ഡിക്ക്‌വെല്ല ലങ്കന്‍ ബാറ്റസ്മാന്മാരുടെ മനോവീര്യം ചോര്‍ന്നില്ലെന്ന് കാണിച്ചു. ഗുണതിലക (19), ഉപുല്‍ തരംഗ (9), മെന്‍ഡിസ് (19), എയ്ഞ്ചലോ മാത്യൂസ് (20), കപുഗേധര (36) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ പ്രകടനം. ലങ്കന്‍ ഇന്നിങ്‌സിലെ മികച്ച കൂട്ടുകെട്ടായിരുന്നു ഇത്. ജസ്പ്രീത് ഭുംറ10 ഓവറില്‍ 43 റണ്‍സ് വിട്ടുകൊടുത്ത നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. ടെസ്റ്റ് പരമ്പര ഇന്ത്യ നേരത്തെ 3-0 ത്തിന് തൂത്ത് വാരിയിരുന്നു. ഏകദിന പരമ്പരയിലും അത്തരമൊരു അവസരമാണ് വരുന്നത്.

chandrika: