X
    Categories: MoreViews

ഫിറോസ് ഷാ കോട്‌ലയില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം

ന്യൂഡല്‍ഹി: ഫിറോസ്ഷാ കോട്‌ല പതിവിന് വിപരീതമായി പച്ചപ്പുതപ്പണിഞ്ഞിരുന്നു… ടോസ് നേടുന്ന നായകന്‍ അല്‍പ്പമൊന്ന് ശങ്കിച്ച് നില്‍ക്കുന്ന പിച്ച്. പക്ഷേ ഇന്ത്യന്‍ നായകന്‍ വിരത് കോലി നാണയഭാഗ്യത്തിനൊപ്പം ബാറ്റിംഗിനും തീരുമാനിച്ച് ഒരു കാര്യം തെളിയിച്ചു-ദക്ഷിണാഫ്രിക്കയിലെ പച്ച മൈതാനങ്ങളെ ഞങ്ങള്‍ പേടിക്കില്ല എന്ന്. ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം സ്റ്റംമ്പിന് പിരിയുമ്പോള്‍ കോലിയുടെ ഇന്ത്യ അതിശക്തമായ നിലയിലാണ്-നാല് വിക്കറ്റിന് 371 റണ്‍സ്.

സെഞ്ച്വറി ആഘോഷമാക്കുന്ന നായകന്‍ 156 റണ്‍സുമായി ക്രീസിലുണ്ട്. 155 റണ്‍സ് നേടി മുരളി വിജയ് ഉറച്ച പിന്തുണയും നല്‍കി. ഇന്ത്യന്‍ പര്യടനത്തിന് വന്ന ശേഷം കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റിലെ ആദ്യ രണ്ട് ദിനങ്ങളില്‍ സന്തോഷിച്ചതിന് ശേഷം ചിരിക്കാന്‍ കഴിയാത്ത ലങ്കക്കാരോട് കരുണ കാട്ടാതെയാണ് കോലിയും സംഘവും കോട്‌ല വാണത്. ലങ്കന്‍ സ്പിന്നര്‍മാര്‍ 59 ഓവറും പേസര്‍മാര്‍ 31 ഓവറും പന്തെറിഞ്ഞ് തളര്‍ന്നിട്ടും അവര്‍ക്ക് ആകെ ലഭിച്ചത് നാല് വിക്കറ്റ്. വിജയും ശിഖര്‍ ധവാനുമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സ് തുടങ്ങിയത്. ഉജ്വല ഫോമില്‍ കളിച്ച ധവാന് പക്ഷേ പെരേരയുടെ പന്ത് വിനയായി. 23 ല്‍ അദ്ദേഹം പുറത്തായി.

ചേതേശ്വര്‍ പുജാര എന്ന ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റിനും ദീര്‍ഘസമയം പിടിച്ചുനില്‍ക്കാനായില്ല. പുജാര മടങ്ങുമ്പോള്‍ സ്‌ക്കോര്‍ ബോര്‍ഡില്‍ 78 റണ്‍സ്. അവിടുന്നങ്ങോട്ടായിരുന്നു ഇന്ത്യന്‍ ബാറ്റിംഗ് സൗന്ദര്യം. നായകന്‍ ക്രീസിലെത്തിയപ്പോള്‍ വിജയും ആവേശത്തിലായി. ഈ കൂട്ടുകെട്ട് തകര്‍ക്കാന്‍ ദിനേശ് ചാണ്ഡിമാല്‍ ആവനാഴിയിലെ മുഴുവന്‍ അസ്ത്രങ്ങളുമെടുത്തു. പക്ഷേ വിജയിച്ചില്ല. 78 ല്‍ തുടങ്ങിയ ഇരുവരും സ്‌ക്കോര്‍ 361 വരെയെത്തിച്ചു. അവസാനം സാന്‍ഡകന്‍ എന്ന ബൗളറുടെ പന്തില്‍ വിജയ് സ്റ്റംമ്പ് ചെയ്യപ്പെടുകയായിരുന്നു. പരമ്പരയിലുടനീളം റണ്‍സിന് വിഷമിക്കുന്ന അജിങ്ക്യ രഹാനെ വന്ന വഴിയേ ഒരു റണ്ണുമായി മടങ്ങിയെങ്കിലും നായകന് കൂട്ടായി ഏകദിന നായകന്‍ രോഹിത് ശര്‍മയാണ് ക്രീസില്‍.

chandrika: