വിശാഖപട്ടണം: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. വിശാഖ പട്ടണത്ത് നടന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന് ലങ്കയെ തറപറ്റിച്ചു. ആദ്യം ബാറ്റു ചെയ്ത ലങ്കയെ കുല്‍ദീപ് യാദവും ചാഹലും ചേര്‍ന്ന് 215 റണ്‍സിന് കറക്കി വീഴ്ത്തിയപ്പോള്‍ മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 32.1 ഓവറില്‍ ലക്ഷ്യം കണ്ടു. 85 പന്തില്‍ നിന്ന് 100 റണ്‍സെടുത്തു പുറത്താവാതെ നിന്ന ശിഖര്‍ ധവാനാണ് ഇന്ത്യയുടെ വിജയ ശില്‍പ്പി. 13 ബൗണ്ടറിയും രണ്ട് സിക്‌സറുമടങ്ങുന്നതായിരുന്നു ധവാന്റെ തട്ടുപൊളപ്പന്‍ ഇന്നിങ്‌സ്. ശ്രേയസ് അയ്യര്‍ 65 റണ്‍സെടുത്തപ്പോള്‍ ദിനേശ് കാര്‍ത്തിക് 26 റണ്‍സുമായി പുറത്താവാതെ നിന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (07) മാത്രമാണ് പരാജയപ്പെട്ടത്. 2016 ജൂണിന് ശേഷം ഇന്ത്യ നേടുന്ന തുടര്‍ച്ചയായ എട്ടാം പരമ്പര ജയമാണിത്.
നേരത്തെ ടോസ് നേടി ശ്രീലങ്കയെ ബാറ്റിങ്ങിനയച്ച ഇന്ത്യ 215 റണ്‍സിന് ശ്രീലങ്കയെ ചുരുട്ടിക്കൂട്ടി. ലങ്കന്‍ ബാറ്റിങ് നിരയെ സ്പിന്നര്‍മാര്‍ പിടിച്ചു കെട്ടിയപ്പോള്‍ 95 റണ്‍സെടുത്ത ഉപുല്‍ തരംഗ മാത്രമാണ് പിടിച്ചു നിന്നത്. ഒരു ഘട്ടത്തില്‍ 27.1 ഓവറില്‍ മൂന്നിന് 160 എന്ന ശക്തമായ നിലയില്‍ നിന്നാണ് ലങ്ക അവിശ്വസനീയമായ രീതിയില്‍ തകര്‍ന്നടിഞ്ഞത്. നാലാം ഓവറില്‍ 13 റണ്‍സെടുത്ത ഓപണര്‍ ധനുഷ്‌ക ഗുണതിലകയെ പുറത്താക്കി ബുംറയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് നല്‍കിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ തരംഗയും സമരവിക്രമയും (42) ചേര്‍ന്ന് ലങ്കക്ക് 131 റണ്‍സ് കൂട്ടിച്ചേര്‍ത്തു. .പിന്നീടായിരുന്നു സ്പിന്നര്‍മാരുടെ സംഹാര താണ്ഡവം. ഹര്‍ദിക് പാണ്ഡ്യ രണ്ടും ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.