ജോഹന്നാസ്ബര്‍ഗ്ഗ്: ക്യാപ്റ്റന്‍ വിരാത് കോലിയുടെ വീരോചിത പ്രകടനത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ 335 റണ്‍സ് നേടിയ ആതിഥേയര്‍ക്കെതിരെ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് 183 റണ്‍സ് എന്ന നിലയിലാണ്. അഞ്ച് വിക്കറ്റുകള്‍ മാത്രം ശേഷിക്കെ 152 റണ്‍സിന് ഇപ്പോഴും പിറകിലുള്ള സന്ദര്‍ശകരുടെ വലിയ പ്രതീക്ഷ 85 റണ്‍സുമായി ബാറ്റ് ചെയ്യുന്ന നായകനിലാണ്. കൂട്ടിനുള്ളത് ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഞെട്ടിക്കുന്ന ബാറ്റിംഗ് പ്രകടനം നടത്തിയ ഹാര്‍ദിക് പാണ്ഡ്യയാണ്. ഓപ്പണര്‍ മുരളി വിജയ് 46 റണ്‍സ് നേടിയപ്പോള്‍ മുന്‍നിരയിലെ മറ്റുള്ളവര്‍ പരാജയമായി. ആദ്യ ടെസ്റ്റില്‍ പുറത്തിരുന്ന കെ.എല്‍ രാഹുല്‍ 10 റണ്‍സുമായി മടങ്ങിയപ്പോള്‍ വിശ്വസ്തനായ ചേതേശ്വര്‍ പൂജാര ആദ്യ പന്തില്‍ തന്നെ റണ്ണൗട്ടായി. രോഹിത് ശര്‍മ ഒരിക്കല്‍ കൂടി പരാജിതനായി 10 റണ്‍സില്‍ മടങ്ങിയപ്പോള്‍ പാര്‍ത്ഥീവ് പട്ടേലിന്റെ സംഭാവന 19 ല്‍ അവസാനിച്ചു. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ കേശവ് മഹാരാജ്, മോര്‍ണി മോര്‍ക്കല്‍, റബാദ, നേഗി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്ത ഫിലാന്‍ഡര്‍ക്ക് വിക്കറ്റൊന്നും ലഭിച്ചില്ല.
നേരത്തെ അശ്വിന്‍ സ്പിന്നിലാണ് ദക്ഷിണാഫ്രിക്ക പുറത്തായത്.113 റണ്‍സിന് നാല് വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. ഇഷാന്ത് ശര്‍മ്മ മൂന്ന് വിക്കറ്റ് നേടി. ക്യാപ്റ്റന്‍ ഡുപ്ലസിസ് 63 റണ്‍സ് നേടി.