X

വരുമോ സ്വപ്ന ഫൈനല്‍…?

മെല്‍ബണ്‍: ഓര്‍മയില്ലേ ആ മല്‍സരം. എം.സി.ജിയില്‍ ഇന്ത്യയും പാക്കിസ്താനും മുഖാമുഖം. ഈ ലോകകപ്പിന്റെ തുടക്കത്തില്‍. അന്ന് വിരാത് കോലിയുടെ അതിഗംഭീര ഇന്നിംഗ്‌സില്‍ ഇന്ത്യ അവസാന പന്തില്‍ നേടിയ നാല് വിക്കറ്റ് വിജയം ക്രിക്കറ്റ് ലോകം ഒരിക്കലും മറക്കില്ല. അതേ എം.സി.ജിയില്‍ വീണ്ടും അയല്‍ക്കാര്‍ വരുമോ…? ടി-20 ലോകകപ്പ് സെമി ഫൈനലുകള്‍ നാളെ ആരംഭിക്കുമ്പോല്‍ ഇന്ത്യ-പാക്കിസ്താന്‍ സ്വപ്‌ന ഫൈനലിന് വ്യക്തമായ സാധ്യതയുണ്ട്.

നാളെ ആദ്യ സെമിയില്‍ പാക്കിസ്താന്‍ ന്യുസിലന്‍ഡുമായി കളിക്കുന്നു. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ രണ്ട് മല്‍സരങ്ങളില്‍ തകര്‍ന്ന ശേഷം അവസാന മൂന്ന് മല്‍സരങ്ങള്‍ ജയിച്ചാണ് പാക്കിസ്താന്‍ സെമിയിലെത്തിയിരിക്കുന്നത്. അവരുടെ മധ്യനിര കരുത്ത് കാണിക്കുമ്പോള്‍ കിവീസ് മികവ് അവരുടെ പേസ് അറ്റാക്കാണ്. ഇന്ത്യ ബുധനാഴച്ച ഇംഗ്ലണ്ടിനെയാണ് നേരിടുന്നത്. ശക്തമായ സംഘമാണ് ജോസ് ബട്‌ലറുടേത്. പക്ഷേ വിരാത് കോലിയും സൂര്യകുമാര്‍ യാദവുമെല്ലാം ഫോമില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യ സെമി അതിജയിക്കാനാണ് വ്യക്തമായ സാധ്യത. സെമിയില്‍ ഇന്ത്യയും പാക്കിസ്താനും കടന്നു കയറിയാല്‍ ഞായറാഴ്ച്ച നടക്കാന്‍ പോവുന്നത് സുന്ദരമായ കലാശമായിരിക്കും.

സമീപകാല രാജ്യാന്തര ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച മല്‍സരമായിരുന്നു ഇന്ത്യയും പാക്കിസ്താനും തമ്മില്‍ നടന്നത്. ഏറ്റവുമധികം ആളുകള്‍ കണ്ട മല്‍സരം. ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട പോരാട്ടം. വിവാദങ്ങള്‍ കത്തിയപ്പോഴും രണ്ട് ടീമുകളും സമാധാനത്തോടെ പിരിഞ്ഞ മല്‍സരം. പാക്കിസ്താന്‍ നിരയില്‍ നായകന്‍ ബബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍ എന്നിവര്‍ ഫോമിലേക്ക് വന്നിട്ടില്ല. ഇന്ത്യയാവട്ടെ സൂര്യകുമാര്‍ യാദവിന്റെ കരുത്തിലാണ്. അസാമാന്യ മികവില്‍ കളിക്കുന്ന മധ്യനിരക്കാരനും വിരാത് കോലിയും ചേരുമ്പോള്‍ മധ്യനിരയാണ് ഇന്ത്യന്‍ പ്ലസ്. മെല്‍ബണിലെ വലിയ വേദിയില്‍ സുര്യകുമാറും കോലിയും മിന്നി നില്‍ക്കുമ്പോള്‍ ഇന്ത്യ-പാക് ഫൈനല്‍ എം.സി.ജിയെ മാത്രമല്ല നിറക്കുക ക്രിക്കറ്റ് മനസുകളെയും ആനന്ദ തീരത്ത് എത്തിക്കും.

Test User: