ദുബായ്: അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ കരുത്തരായ ഒമാനെ ഇന്ത്യ സമനിലയില്‍ തളച്ചു (1-1). ഇന്ത്യ ഫിഫ റാങ്കിങ്ങില്‍ നൂറ്റിനാലാം സ്ഥാനക്കാരും ഒമാന്‍ എണ്‍പത്തിയൊന്നാം റാങ്കുകാരുമാണ്.
നാല്‍പത്തിരണ്ടാം മിനിറ്റില്‍ അരങ്ങേറ്റക്കാരന്‍ ചിങ്ലെന്‍സാന സിങ്ങിന്റെ കാലില്‍ നിന്ന് വീണ സെല്‍ഫ് ഗോളിലാണ് ഇന്ത്യ ലീഡ് വഴങ്ങിയത്. അമ്പത്തിയഞ്ചാം മിനിറ്റില്‍ മന്‍വീര്‍ സിങ് ഇന്ത്യയ്ക്കുവേണ്ടി സമനില നേടി.
സാഹിര്‍ അല്‍ അഗ്ബാരി ബോക്സിലേയ്ക്ക് തൊടുത്ത ഒരു ത്രൂബോള്‍ കൈപ്പിടിയിലാക്കുന്നതില്‍ ഗോളി അമരീന്ദര്‍ പരാജയപ്പെട്ടു. തെന്നിത്തെറിച്ച പന്ത് ചിങ്ലെന്‍സാനയുടെ കാലില്‍ ഇടിച്ച് നേരെ വലയിലേയ്ക്ക്.
ഒരു ഗോള്‍ ലീഡ് വഴങ്ങിയാണ് രണ്ടാം പകുതി തുടങ്ങിയതെങ്കിലും ഏറെ വൈകാതെ തന്നെ ഇന്ത്യ തിരിച്ചടിച്ചു. അമ്പത്തിയഞ്ചാം മിനിറ്റില്‍ അശുതോഷ് മേത്ത പന്ത് ബോക്സിന്റെ അറ്റത്ത് ബിപിന്‍ സിങ്ങിന് പന്തെത്തിച്ചു. ബിപിന്‍ ബോക്സില്‍ മന്‍വീറിനെ ലക്ഷ്യമായി ഒന്നാന്തരമൊരു ക്രോസ് പായിച്ചു. മന്‍വീറിന് പിഴച്ചില്ല. ഹെഡ്ഡര്‍ ലക്ഷ്യം തെറ്റാതെ വലയില്‍.
കളിയിലുടനീളം മേധാവിത്വം പുലര്‍ത്തിയ ഒമാന്‍ വീണ്ടും ലീഡ് നേടാന്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും പിന്നീട് ഇന്ത്യന്‍ പ്രതിരോധത്തെയും ഗോളി അമരീന്ദറിനെയും മറികടക്കാന്‍ കഴിഞ്ഞില്ല. 2019 നവംബറിലാണ് ഇന്ത്യ ഇതിന് മുന്‍പ് ഒരു അന്താരാഷ്ട്ര മത്സരം കളിച്ചത്.