X

വാലറ്റം പൊരുതി: ന്യൂസിലാന്‍ഡിന് മികച്ച സ്‌കോര്‍

മൊഹാലി: രണ്ടാം ജയത്തിന്റെ ആവേശവുമായി ഇറങ്ങിയ ന്യൂസിലാന്‍ഡിന് മൊഹാലി ഏകദിനത്തില്‍ മികച്ച സ്‌കോര്‍. 199ന് എട്ട് എന്ന നിലയില്‍ തകര്‍ന്നിടത്തുനിന്നാണ് ന്യൂസിലാന്‍ഡ് 285 ലെത്തിയത്. ഇതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 286 ആയി. 49.4 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. ഒമ്പതാം വിക്കറ്റില്‍ മാറ്റ് ഹെന്റിയും ജയിംസ് നിഷമും ചേര്‍ന്നാണ് ന്യൂസിലാന്‍ഡിനെ കരകയറ്റിയത്. 84 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ വാലറ്റത്തു കൂട്ടിച്ചേര്‍ത്തത്. ജയിംസ് നിഷം 57 റണ്‍സ് നേടി. ഹെന്റി 39 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി കേദാര്‍ യാദവും ഉമേഷ് യാദവും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഭുംറ, മിശ്ര എന്നിവര്‍ രണ്ടു വിക്കറ്റ് വീതം പങ്കിട്ടു.

ടോം ലാതം 61 ആണ് കിവികളുടെ ടോപ് സ്‌കോറര്‍. റോസ് ടെയ്‌ലര്‍ 44, മാര്‍ട്ടിന്‍ ഗപ്റ്റില്‍ 27, ക്യാപ്റ്റന്‍ കെയിന്‍ വില്യംസണ്‍ 22 എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. ടോസ് നേടിയ ഇന്ത്യ ഇക്കുറിയും ന്യൂസിലാന്‍ഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പതിവില്‍ നിന്ന് വിപരീതമായിമ ന്യൂസിലാന്‍ഡിന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റ് നഷ്ടമായത് ടീം സ്‌കോര്‍ 46 റണ്‍സില്‍ നില്‍ക്കെയാണ്. രണ്ടാം വിക്കറ്റില്‍ വില്യംസണും ലാതമും ചേര്‍ന്ന് കരകയറ്റുന്നതിനിടെ വില്യംസണെ യാദവ് മടക്കി. മൂന്നാം വിക്കറ്റില്‍ റോസ് ടെയ്‌ലറും ലാതമും ടീമിനെ കരകയറ്റി. ധോണിയുടെ മികച്ച സ്റ്റംമ്പിങ്ങില്‍ ടെയ്‌ലര്‍ മടങ്ങി. പിന്നീട് വന്നവര്‍ പെട്ടെന്ന് മടങ്ങിയെങ്കിലും നീഷമും ഹെന്റിയും ടീമിനെ സുരക്ഷിത സ്ഥാനത്തെത്തിച്ചു.

Web Desk: