വിശാഖപട്ടണം: പരമ്പര വിജയികളെ നിര്‍ണയിക്കുന്ന അഞ്ചാമത്തെ ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് 270 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യ 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 269 റണ്‍സെടുത്തത്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മ്മയാണ്(70) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വിരാട് കോഹ്ലി(65) എം.എസ് ധോണി(41) എന്നിവരും തിളങ്ങി. ടീം സ്‌കോര്‍ 40ല്‍ നില്‍ക്കെയാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടമായത്. 20 റണ്‍സെടുത്ത രഹാനയെ നീഷം മടക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ കോഹ്ലിയും രോഹിതും ടീമിനെ പതിയെ കരകയറ്റി. രോഹിത് താളം കണ്ടെത്തിയതോടെ റണ്‍സൊഴുകി.
മൂന്ന് സിക്‌സറും അഞ്ച് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു രോഹിതിന്റ ഇന്നിങ്‌സ്. എന്നാല്‍ രോഹിത് പുറത്തായതോടെ ഇന്നിങ്‌സിന്റെ വേഗത കുറഞ്ഞു. ധോണി ഫോമിലേക്കുയരുന്നതിനിടെ സാന്റ്‌നറുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. മനീഷ് പാണ്ഡെ വന്നപാടെ പുറത്തായതോടെ ഇന്ത്യ 195ന് നാല് എന്ന നിലയിലെത്തി. അതിനിടെ കോഹ്ലി അര്‍ദ്ധ ശതകം തികച്ചു. എന്നാല്‍ സോധിയെ സിക്‌സര്‍ പറത്താനുള്ള കോഹ്‌ലിയുടെ ശ്രമം പരാജയപ്പെട്ടു. ബൗണ്ടറി ലൈനിനരികില്‍ കോഹ്ലിയെ ഗപ്റ്റില്‍ പിടികൂടി. അവസാന ഓവറുകളില്‍ ന്യൂസിലാന്‍ഡ് പിടിമുറുക്കിയതോടെ മധ്യനിര സ്‌കോര്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു. ന്യൂസിലാന്‍ഡിന്റെ സ്ലോ ബോളുകള്‍ക്ക് മുന്നില്‍ ജാദവും അക്‌സര്‍ പട്ടേലും പരുങ്ങുകയായിരുന്നു. ജാദവ് 39 റണ്‍സും അക്‌സര്‍ 24ഉം റണ്‍സ് നേടി. കിവികള്‍ക്കായി ഇഷ് സോദി, ട്രെന്‍ഡ് ബൗള്‍ട്ട് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.