ലോകകപ്പിലെ ആദ്യ സെമിഫൈനലില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്റ് ആദ്യം ബാറ്റ് ചെയ്യും. ന്യൂസിലന്റ് ടീമില്‍ ഒരേയൊരു മാറ്റം മാത്രമാണുള്ളത്. ടിം സൗത്തിക്ക് പകരം ലോക്കി ഫെര്‍ഗൂസന്‍ ടീമില്‍ ഇടം പിടിച്ചു. ഇന്ത്യന്‍ ടീമില്‍ കുല്‍ദീപ് യാദവ് ഇല്ല. പകരം യുസ്വേന്ദ്ര ചാഹലിനെ തന്നെ ഉള്‍പ്പെടുത്തി. ശ്രീലങ്കക്കെതിരായ മത്സരത്തില്‍ നിന്ന് ഇന്ത്യക്ക് കാര്യമായി മാറ്റമൊന്നും തന്നെയില്ല. മത്സരത്തില്‍ നാല് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒരു റണ്‍ മാത്രമാണ് സമ്പാദിക്കാനായത്. ഗുപ്റ്റിലിന്റെ വിക്കറ്റാണ് നഷ്ടമായത്.
മുഹമ്മദ് ഷമി ടീമിലില്ല, പകരം ഭുവനേശ്വര്‍ കുമാറിനെ തന്നെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രവീന്ദ്ര ജഡേജ കളിക്കുന്നുണ്ട്. ദിനേശ് കാര്‍ത്തികിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മത്സരത്തിന് മഴ ഭീഷണിയുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ പോലെയല്ല, സെമിഫൈനലില്‍ ഒരു റിസര്‍വ് ദിനം കൂടിയുണ്ട്. ഇന്ന് അഥവാ കളി നടക്കാതെ പോയാല്‍ നാളെ മത്സരം വീണ്ടും നടത്തും. അഥവാ ഇന്ന് കളി തുടങ്ങി എവിടെയാണോ അവസാനിക്കുന്നത് അവിടെ മുതല്‍ നാളെ കളിക്കും. എന്നാല്‍ ബുധനാഴ്ചയും മാഞ്ചസ്റ്ററില്‍ അത്ര തെളിഞ്ഞ കാലാവസ്ഥയല്ല പ്രതീക്ഷിക്കുന്നത്.
കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. മത്സരം നടക്കാതെ പോയാല്‍ ഇന്ത്യയായിരിക്കും ഫൈനലിലെത്തുക. പോയിന്റ് പട്ടികയില്‍ ഇന്ത്യയായിരുന്നു ഒന്നാം സ്ഥാനത്തെത്തിയിരുന്നത്. ന്യൂസിലന്റ് നാലാം സ്ഥാനത്തായിരുന്നു.