X

പരമ്പരയില്‍ ഗംഭീര തുടക്കം; പാണ്ഡ്യക്കും കോഹ്ലിക്കും ഇന്ത്യക്കും

ധര്‍മശാല: അരങ്ങേറ്റ ഏകദിനത്തില്‍ മൂന്നു വിക്കറ്റുമായി ആക്രമണം നയിച്ച ഹര്‍ദിക് പാണ്ഡ്യ, 85 റണ്‍സുമായി പുറത്താകാതെ നിന്ന വിരാട് കോഹ്്‌ലി എന്നിവര്‍ തിളങ്ങിയപ്പോള്‍ 900-ാം ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് അനായാസ വിജയം. ന്യൂസിലാന്‍ഡിനെതിരെ ആറു വിക്കറ്റിന് തകര്‍ത്ത് ഏകദിന പരമ്പരയിലും ഇന്ത്യ ഗംഭീരമായി തുടങ്ങി. 190 റണ്‍സിന് സന്ദര്‍ശകരെ ചുരുട്ടിക്കെട്ടിയ ഇന്ത്യ 33.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. ടെസ്റ്റ് പരമ്പര തൂത്തുവാരിയ ഏകപക്ഷീയ വിജയത്തിനു ശേഷം ഏകദിനത്തിലും ഇന്ത്യ ന്യൂസിലാന്‍ഡിനെതിരെ ആധിപത്യം തുടരുകയായിരുന്നു.
ബൗളര്‍മാര്‍ വിജയത്തിന് കളമൊരുക്കിയപ്പോള്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് സമ്മര്‍ദമില്ലാതെ ബാറ്റു ചെയ്യാനായി. മൂന്നാമനായി കളത്തിലെത്തിയ കോഹ്്‌ലി 81 പന്തില്‍ ഒരു സിക്‌സറും ഒമ്പതു ബൗണ്ടറികളും സഹിതം പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ എം.എസ് ധോണിയാണ് കോഹ്്‌ലിക്ക് മികച്ച പിന്തുണ നല്‍കിയത്. ഇരുവരും ചേര്‍ന്ന് 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ടോസ് നേടിയ ഇന്ത്യ സന്ദര്‍ശകരെ ബാറ്റുചെയ്യാന്‍ ക്ഷണിക്കുകയായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരുടെ മിന്നും പ്രകടനത്തിനു മുന്നില്‍ ന്യൂസിലാന്‍ഡ് മുട്ടുമടക്കിയപ്പോള്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് പോരാട്ടം വേണ്ടി വന്നില്ല. ഓപണര്‍ ടോം ലാതം 79 റണ്‍സുമായി മടങ്ങിയ ശേഷം, പത്താമനായി വന്ന് 45 പന്തില്‍ 55 റണ്‍സടിച്ച് ടിം സൗത്തീ അപ്രതീക്ഷിത ആക്രമണം നടത്തും വരെ ഇന്ത്യ മാത്രമായിരുന്നു കളത്തില്‍. ഏഴു ഓവറില്‍ 31 റണ്‍സ് അനുവദിച്ചാണ് പാണ്ഡ്യ മൂന്നു വിക്കറ്റ് വീഴ്ത്തിയത്. അപകടകാരികളായ മാര്‍ട്ടിന്‍ ഗപ്ടില്‍, കോറി ആന്‍ഡേഴ്‌സണ്‍, ലൂക് റോഞ്ചി എന്നീ വെടിക്കെട്ട് വീരന്മാരായിരുന്നു പാണ്ഡ്യയുടെ ഇരകള്‍. എട്ട് ഓവറില്‍ 31 റണ്‍സിന് രണ്ടു വിക്കറ്റെടുത്ത ഉമേഷ് യാദവും കിവികളുടെ മുന്‍നിരയെ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. വാലറ്റക്കാരെ പുറത്താക്കി അമിത് മിശ്രയും മൂന്നു വിക്കറ്റ് സ്വന്തമാക്കി. കേദാര്‍ ജാദവിനായിരുന്നു ശേഷിക്കുന്ന രണ്ടു വിക്കറ്റ്.
രോഹിത് ശര്‍മയും അജിന്‍ക്യ രഹാനെയുമാണ് ഇന്ത്യന്‍ ഇന്നിങ്‌സ് ഓപണ്‍ ചെയ്തത്. 26 പന്ത് കളിച്ച് പതിനാലു റണ്‍സുമായി രോഹിത് മടങ്ങിയപ്പോള്‍ ആക്രമണോത്സുകനായി കളിച്ച രഹാനെയിലായി (34 പന്തില്‍ 33) ഇന്ത്യന്‍ പ്രതീക്ഷകള്‍. എന്നാല്‍ കോഹ്്‌ലിക്കൊപ്പം നിലയുറപ്പിക്കും മുമ്പ് രഹാനെ പുറത്തായി. മനീഷ് പാണ്ഡെക്കും (17) നാല്‍പ്പത് റണ്‍സിന്റെ കൂട്ടുകെട്ടുമായി നിലയുറപ്പിച്ച കോഹ്്‌ലി ധോണയെ കൂട്ടുപിടിച്ച് വിജയത്തോടടുത്തു. കേദാര്‍ ജാദവിനൊപ്പം (10 നോട്ടൗട്ട്) 32 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടുമായി വിജയം ഉറപ്പിക്കുകയും ചെയ്തു.

chandrika: