കൊളംബോ:തൊട്ടരികില്‍ ലോകകപ്പാണ്… അതാണ് യഥാര്‍ത്ഥ ലക്ഷ്യം. അതിന് മുമ്പ് ഇത് അവസാന ഫൈനല്‍. കപ്പടിച്ചാല്‍ വര്‍ധിത വീര്യത്തോടെ മെഗാ ചാമ്പ്യന്‍ഷിപ്പിനൊരുങ്ങാം. തോറ്റാലോ-വിമര്‍ശകര്‍ രംഗത്തിറങ്ങും. ടെന്‍ഷന്‍ ഇരട്ടിയാവും. പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കേണ്ടിയും വരും. ഇന്ന് നടക്കുന്ന ഏഷ്യാ കപ്പ് ഫൈനല്‍ ഇന്ത്യക്കും ശ്രീലങ്കക്കും നിര്‍ണായകം. കഴിഞ്ഞ ദിവസം അവസാന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനോട് വെറുതെ തോറ്റതിന്റെ ക്ഷീണം ഇന്ത്യക്കുണ്ട്. അനായാസം ജയിക്കാമായിരുന്ന മല്‍സരത്തില്‍ ബാറ്റര്‍മാര്‍ക്ക് പിഴച്ചപ്പോള്‍ സെഞ്ച്വറിക്കാരനായ ശുഭ്മാന്‍ ഗില്‍ പോലും സമചിത്തത കാട്ടിയില്ല. ഗില്ലിന് ടീമിനെ സുന്ദരമായി വിജയത്തിലേക്ക് നയിക്കാമായിരുന്നു. സെഞ്ച്വറിയുമായി കളത്തില്‍ നിറഞ്ഞ താരം അവസാന ഘട്ടത്തില്‍ സിക്‌സര്‍ സ്വന്തമാക്കി അടുത്ത പന്തിലും പന്തിനെ ഗ്യാലറിയിലെത്തിക്കാന്‍ ശ്രമിച്ച് പിടി നല്‍കുകയായിരുന്നു. ഓള്‍റൗണ്ടര്‍ ഗണത്തിലേക്ക് വളരുന്ന അക്‌സര്‍ പട്ടേലും ഇതേ പിഴവ് ആവര്‍ത്തിച്ചപ്പോഴാണ് ടീം അവസാന ഓവറില്‍ തോറ്റത്. ആ തോല്‍വി ക്ഷീണമല്ലെന്നാണ് ഇന്നലെ നായകന്‍ രോഹിത് ശര്‍മ പറഞ്ഞത്. വിരാത് കോലി ഉള്‍പ്പെടെ പല സീനിയേഴ്‌സിനും വിശ്രമം നല്‍കിയാണ് കളിച്ചത്. ഇന്നത്തെ ഫൈനലില്‍ പക്ഷേ പൂര്‍ണ കരുത്തില്‍ കളിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പരുക്കിന്റെ പ്രശ്‌നങ്ങള്‍ ആര്‍ക്കുമില്ല എന്നതാണ് കോച്ച് രാഹുല്‍ ദ്രാവിഡിന് ആശ്വാസം നല്‍കുന്നത്.
എന്നാല്‍ ലങ്കന്‍ ക്യാമ്പില്‍ സ്ഥിതി വിത്യസ്തമാണ്. പരുക്കില്‍ പ്രധാന സ്പിന്നര്‍ ഇന്നത്തെ കലാശത്തിനില്ല. ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം നടത്തിയ സ്പിന്നര്‍ മഹീഷ തീക്ഷണ പരുക്കില്‍ പുറത്താണ്. പാക്കിസ്താനെതിരായ സൂപ്പര്‍ ഫോറില്‍ മല്‍സരത്തിലെ അവസാന പന്തില്‍ പരുക്കേറ്റ ബൗളറുടെ ലോകകപ്പ് സാധ്യതയും ചോദ്യ ചിഹ്നമാണ്. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ തീക്ഷണ ലങ്കയുടെ പ്രധാന താരമാണ്. അത് മുന്‍നിര്‍ത്തി തന്നെയാണ് അദ്ദേഹത്തെ ഫൈനലില്‍ നിന്നും മാറ്റി മെഡിക്കല്‍ ക്യാമ്പിലേക്ക് വിട്ടത്. ഇന്ത്യന്‍ ഇലവനില്‍ ഇന്ന് അക്‌സര്‍ പട്ടേല്‍ കളിക്കില്ല. ബംഗ്ലാദേശിനെതിരായ മല്‍സരത്തില്‍ പരുക്കേറ്റ അദ്ദേഹത്തിന് പകരം വാഷിംഗ്ടണ്‍ സുന്ദറിനെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. വൈകീട്ട് മൂന്ന് മണി മുതലാണ് കളി. ലങ്ക നിലവിലെ ചാമ്പ്യന്മാരാണ്. ഇന്ത്യയാവട്ടെ വന്‍കരാ കിരീടം എട്ട് തവണ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ന് കിരീടം സ്വന്തമാക്കിയാല്‍ ലങ്കക്കത് എട്ടാം കിരീടമാവും. അത് വഴി ഇന്ത്യയുടെ റെക്കോര്‍ഡിനൊപ്പമെത്താനുമാവും.