ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും. ലഖ്‌നൗവില്‍ ഉച്ചയ്ക്ക് 2 മണി മുതലാണ് മത്സരം. കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച ഇന്ത്യ, ആറാം ജയം തേടിയാണ് ഇന്നിറങ്ങുന്നത്. ജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമി ഉറപ്പിക്കാം.
അതേസമയം ഇംഗ്ലണ്ടിന് ഇന്ന് ജയം അനിവാര്യമാണ്. വീണ്ടും തോല്‍വി വഴങ്ങിയാല്‍ ഇംഗ്ലണ്ടിന് ടൂര്‍ണമെന്റിന് മുന്നിലെ സാധ്യതകള്‍ അടയും, കളിച്ച അഞ്ചില്‍ 4 മത്സരങ്ങളും ജോസ് ബട്‌ലറും സംഘവും പരാജയം നുണഞ്ഞു. റണ്‍ നിരക്കും മോശമാണ്. ഇന്ത്യക്കെതിരെ ജയിച്ചാലും മറ്റു ടീമുകളുടെ പ്രകടനം കൂടി കണക്കിലെടുത്താകും ഇംഗ്ലണ്ടിന്റെ ഭാവി.
അതേസമയം ഈ ലോകകപ്പില്‍ തോല്‍വി അറിയാത്ത ഏക ടീമായി അപരാജിത കുതിപ്പ തുടരുകയാണ് ഇന്ത്യ.ഇന്ന് ജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യ മുന്നിലെത്തും. ഇംഗ്ലണ്ട് നിലവിലെ ചാമ്പ്യന്മാരാണെന്നും അവരെ കുറച്ചു കാണുന്നില്ലെന്നും കെ.എല്‍ രാഹുല്‍ പറഞ്ഞു.
48 സെഞ്ച്വറികളുള്ള വിരാട് കോഹ്‌ലി ഒരെണ്ണം കൂടി നേടിയാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ റെക്കോഡിന് ഒപ്പമെത്തും. കിവീസിനോടുള്ള മത്സരത്തില്‍ കോഹ്‌ലിക്ക് അഞ്ച് റണ്‍സ് വിത്യാസത്തിലായിരുന്നു സെഞ്ച്വറി നഷ്ടമായത്. സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ച് ആയതിനാല്‍ അശ്വിന്‍ ഇന്ന് കളത്തിലിറങ്ങിയേക്കും. അങ്ങനെയെങ്കില്‍ പേസര്‍മാരില്‍ ഒരാളെ ഒഴിവാക്കാനാണ് സാധ്യത. സൂര്യകുമാര്‍ യാദവ് ഇന്നും കളിച്ചേക്കും.