അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം. ഇന്നിങ്‌സിനും 25 റണ്‍സിനുമാണ് ഇന്ത്യയുടെ ജയം. അശ്വിന്റെയും അക്‌സറിന്റെയും ബൗളിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ വിജയം സമ്മാനിച്ചത്.
നാലു ടെസ്റ്റുകളടങ്ങിയ പരമ്പര 3–1ന് സ്വന്തമാക്കിയ ഇന്ത്യ, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും യോഗ്യത നേടി. 160 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് കടവുമായി വീണ്ടും ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട്, 54.5 ഓവറില്‍ വെറും 135 റണ്‍സിന് എല്ലാവരും പുറത്തായി. ഇതേ വേദിയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ രണ്ടു ദിവസം കൊണ്ട് ജയിച്ചുകയറിയ ഇന്ത്യയ്ക്ക്, നാലാം ടെസ്റ്റില്‍ വിജയത്തിലെത്താന്‍ വേണ്ടിവന്നത് മൂന്നു ദിവസം മാത്രം.
കരിയറിലെ മൂന്നാം ടെസ്റ്റ് മാത്രം കളിക്കുന്ന അക്ഷര്‍ പട്ടേലിന്റെ നാലാം അഞ്ച് വിക്കറ്റ് നേട്ടവും വെറ്ററന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ 30–ാം അഞ്ച് വിക്കറ്റ് നേട്ടവുമാണ് ഇന്ത്യയ്ക്ക് മറ്റൊരു അവിസ്മരണീയ ജയം സമ്മാനിച്ചത്. പട്ടേല്‍ 24 ഓവറില്‍ 48 റണ്‍സ് വഴങ്ങിയും അശ്വിന്‍ 22.5 ഓവറില്‍ 47 റണ്‍സ് വഴങ്ങിയും അഞ്ച് വിക്കറ്റ് വീതം വീഴ്ത്തി.
കന്നി സെഞ്ചുറിയെന്ന സ്വപ്നം പടിക്കല്‍ വീണുടഞ്ഞെങ്കിലും 174 പന്തില്‍ 10 ഫോറും ഒരു സിക്‌സും സഹിതം 96 റണ്‍സുമായി പുറത്താകാതെ നിന്ന വാഷിങ്ടന്‍ സുന്ദറിന്റെ സുന്ദരന്‍ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് 160 റണ്‍സിന്റെ നിര്‍ണായകമായ ഒന്നാം ഇന്നിങ്‌സ് ലീഡ് സമ്മാനിച്ചത്.