X

ഇംഗ്ലണ്ടിന് വിജയലക്ഷ്യം 405: രണ്ട് വിക്കറ്റുകള്‍ നഷ്ടമായി

വിശാഖപ്പട്ടണം: 405 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം രണ്ടിന് 87 എന്ന നിലയില്‍ കളി അവസാനിപ്പിച്ചു. കുക്ക് (54) ഹസീബ് ഹമീദ്(25) എന്നിവരാണ് പുറത്തായത്. ജോ റൂട്ടാണ്(5) ക്രീസില്‍. കളി ആവേശകരമായ അന്ത്യത്തിലേക്കാണ് അടുക്കുന്നത്. 90 ഓവര്‍ ബാക്കിനില്‍ക്കെ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് എട്ട് വിക്കറ്റാണ്. ഇംഗ്ലണ്ടിനാകട്ടെ 318 റണ്‍സും.

രണ്ടാം ഇന്നിങ്‌സിന് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് പ്രതിരോധക്കോട്ടയാണ് കെട്ടിയത്. അലസ്റ്റയര്‍ കുക്കും ഹസീബ് ഹമീദും സ്പിന്‍, പേസ് ആക്രമണത്തെ മുട്ടിത്തോല്‍പ്പിക്കുന്നതാണ് കണ്ടത്. ഒടുവില്‍ മൂന്നാം സെഷനിലെ ഡ്രിങ്കിങ് ബ്രേക്കിന് ശേഷം ഹസീബിനെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. 144 പന്തില്‍ നിന്നാണ് ഹസീബ് 25 റണ്‍സ് നേടിയത്. അശ്വിന്റെ താഴ്ന്നു വന്ന പന്തിനെ പ്രതിരോധിക്കുന്നതില്‍ ഹസീബ് പരാജയപ്പെടുകയായിരുന്നു. മറുവശത്ത് കുക്ക് അര്‍ദ്ധ സെഞ്ച്വറി പിന്നിട്ടു. രണ്ട് റിവ്യൂകളില്‍ നിന്നും രക്ഷപ്പെട്ടു.

എന്നാല്‍ അവസാന ഓവറില്‍ ജദേജക്ക് മുന്നില്‍ കുക്ക് വീണു. ഇംഗ്ലണ്ട് റിവ്യൂ ആവശ്യപ്പെട്ടെങ്കിലും ഔട്ടാണെന്ന അമ്പയറുടെ തീരുമാനം മൂന്നാം അമ്പയര്‍ ശരിവെക്കുകയായിരുന്നു. 189 പന്തില്‍ നിന്നായിരുന്നു കുക്കിന്റെ 54 റണ്‍സ്. നാല് ബൗണ്ടറികള്‍ മാത്രമാണ് നേടിയത്. അവസാന ദിനമായ നാളെ എത്രയും പെട്ടെന്ന് വിക്കറ്റുകള്‍ തള്ളിയിടാനായിരിക്കും ഇന്ത്യ ശ്രമിക്കുക. പിച്ച് അവസാനത്തോടടുക്കുമ്പോള്‍ ടേണ്‍ ലഭിക്കുന്നത് സ്പിന്നര്‍മാര്‍ക്ക് ആശ്വാസമേകും. എന്നാല്‍ സമനിലക്ക് വേണ്ടിയാകും സന്ദര്‍ശകര്‍ പൊരുതുക.

 
മൂന്നിന് 98 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് 106 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. രാഹനെയാണ്(26) ആദ്യം പുറത്തായത്. പിന്നീട് വന്നവര്‍ക്കൊന്നും പിടിച്ചു നില്‍ക്കാനായില്ല. 81 റണ്‍സുമായി വിരാട് കോഹ്ലി പിടിച്ചുനിന്നെങ്കിലും സ്റ്റോക്കിന്റെ മനോഹര ക്യാച്ചില്‍ കോഹ്ലി മടങ്ങി. ജയന്ത് യാദവ്(27) മുഹമ്മദ് ഷമി(19) രവീന്ദ്ര ജദേജ(14) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. സ്റ്റുവര്‍ട്ട് ബോര്‍ഡും ആദില്‍ റാഷിദും നാല് വിക്കറ്റ് വീതം വീഴ്്ത്തി. ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 455 റണ്‍സിനാണ് അവസാനിച്ചത്. കോഹ്ലി(167) പുജാര(119) എന്നിവരാണ് തിളങ്ങിയിരുന്നത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 255 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ബെന്‍ സ്റ്റോക്കാണ്(70) ടോപ് സ്‌കോറര്‍.

 

chandrika: