ചെന്നൈ: ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി കരുതലോടെ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് മികച്ച നിലയില്‍. രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടതിനുശേഷം ഒത്തുചേര്‍ന്ന നായകന്‍ ജോ റൂട്ടും ഓപ്പണര്‍ ഡോം സിബ്ലിയും ചേര്‍ന്ന് ഇംഗ്ലണ്ട് സ്‌കോര്‍ 100 കടത്തി. സിബ്ലി അര്‍ധസെഞ്ചുറി നേടി. 160 പന്തുകളില്‍ നിന്നും ഏഴുഫോറുകളുടെ അകമ്പടിയോടെയാണ് താരം അര്‍ധസെഞ്ചുറി നേടിയത്.
സ്‌കോര്‍ 63-ല്‍ നില്‍ക്കെ 33 റണ്‍സെടുത്ത ഓപ്പണര്‍ റോറി ബേണ്‍സാണ് ആദ്യം പുറത്തായത്. അശ്വിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് പിടിച്ചാണ് ബേണ്‍സ് പുറത്തായത്. ഓപ്പണര്‍ ഡോം സിബ്ലിയ്ക്കൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതിനുശേഷമാണ് ബേണ്‍സ് പുറത്തായത്.
തൊട്ടുപിന്നാലെ ക്രീസിലെത്തിയ ഡാന്‍ ലോറന്‍സ് അക്കൗണ്ട് തുറക്കുംമുന്‍പ് ക്രീസ് വിട്ടു. റണ്‍സൊന്നും എടുക്കാത്ത ലോറന്‍സിനെ ബുംറ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ ഇംഗ്ലണ്ട് 63 ന് പൂജ്യം എന്ന നിലയില്‍ നിന്നും 63 ന് രണ്ട് എന്ന നിലയിലെത്തി. ലോറന്‍സിന് പകരം നായകന്‍ ജോ റൂട്ട് ക്രീസിലെത്തി. ടീ ബ്രേക്കിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.
ടീം ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, ആര്‍ അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് നദീം, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ
ടീം ഇംഗ്ലണ്ട്: റോറി ബേണ്‍സ്, ഡൊമനിക് സിബ്ലി, ഡാന്‍ ലോറന്‍സ്, ജോ റൂട്ട്, ഒലി പോപ്പ്, ബെന്‍ സ്റ്റോക്സ്, ജോസ് ബട്ലര്‍, ജോഫ്ര ആര്‍ച്ചര്‍, ഡോം ബെസ്സ്, ജെയിംസ് ആന്‍ഡേഴ്സന്‍, ജാക്ക് ലീച്ച്