X

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ്; ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 578 റണ്‍സിന് പുറത്ത്

ചെന്നൈ: ഇന്ത്യ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 578 റണ്‍സിന് പുറത്ത്. എട്ടുവിക്കറ്റിന് 555 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് 23 റണ്‍സ് കൂടിയേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ.

ഡെമിനിക് ബെസ്സ് (34), ജെയിംസ് ആന്‍ഡേഴ്‌സണ്‍ (1) എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാം ദിനം ഇംഗ്ലണ്ടിന് നഷ്ടമായത്. ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ ഡബിള്‍ സെഞ്ചുറിയുടെ (218) കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോറിലെത്തിയത്.

ചെപ്പോക്കിലെ പിച്ച് അവസാനദിവസങ്ങളില്‍ ബൗളര്‍മാര്‍ക്ക് അനുകൂലമായിമാറും എന്ന കണക്കുകൂട്ടലില്‍ ഒന്നാം ഇന്നിങ്‌സില്‍ പരമാവധി റണ്‍സ് സ്‌കോര്‍ ചെയ്യുകയെന്ന പദ്ധതി കൃത്യമായി നടപ്പാക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞു.

100ാം ടെസ്റ്റ് കളിക്കുന്ന റൂട്ട് 377 പന്തുകള്‍ നേരിട്ട് രണ്ടു സിക്‌സും 19 ഫോറുമടക്കം 218 റണ്‍സെടുത്ത് ഷഹബാസ് നദീമിന്റെ പന്തില്‍ പുറത്താകുകയായിരുന്നു. ടെസ്റ്റ് കരിയറിലെ അഞ്ചാം ഇരട്ട സെഞ്ചുറി കുറിച്ച ശേഷമാണ് താരം മടങ്ങിയത്.

ഇതോടൊപ്പം 100ാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടവും റൂട്ട് സ്വന്തമാക്കി. രണ്ടാം ദിനം 124 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ജോ റൂട്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്‌സ് സഖ്യമാണ് ഇംഗ്ലണ്ടിന് ആധിപത്യം സമ്മാനിച്ചത്.

 

 

Test User: