ചെന്നൈ: ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍. രണ്ടാംദിനം കളി അവസാനിക്കുമ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 555 റണ്‍സെന്ന നിലയിലാണ് സന്ദര്‍ശകര്‍. ഡൊമിനിക് ബെസ്സും (28*) ജാക്ക് ലീച്ചുമാണ് (6*) ക്രീസില്‍.
തന്റെ 100ാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ ജോ റൂട്ടാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്കോറിലെത്തിച്ചത്.
377 പന്തുകള്‍ നേരിട്ട് രണ്ടു സിക്സും 19 ഫോറുമടക്കം 218 റണ്‍സെടുത്ത റൂട്ട് ഷഹബാസ് നദീമിന്റെ പന്തില്‍ പുറത്താകുകയായിരുന്നു.
ടെസ്റ്റ് കരിയറിലെ അഞ്ചാം ഇരട്ട സെഞ്ചുറി കുറിച്ച ശേഷമാണ് റൂട്ട് മടങ്ങിയത്. ഇതോടൊപ്പം 100ാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടവും റൂട്ട് സ്വന്തമാക്കി. രണ്ടാം ദിനം 124 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ക്യാപ്റ്റന്‍ ജോ റൂട്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്സ് സഖ്യമാണ് ഇംഗ്ലണ്ടിന് ആധിപത്യം സമ്മാനിച്ചത്.
118 പന്തില്‍ നിന്ന് മൂന്നു സിക്സും 10 ഫോറുമടക്കം 82 റണ്‍സെടുത്ത സ്റ്റോക്ക്സിനെ പുറത്താക്കി ഷഹബാസ് നദീമാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അഞ്ചാം വിക്കറ്റില്‍ റൂട്ടും ഒലി പോപ്പും ചേര്‍ന്ന് 86 റണ്‍സ് ചേര്‍ത്തു. 89 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത പോപ്പിനെ അശ്വിനാണ് പുറത്താക്കിയത്.
ജോസ് ബട്ട്ലര്‍ (30), ജോഫ്ര ആര്‍ച്ചര്‍ (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഇന്ത്യയ്ക്കായി ബുംറ, നദീം, അശ്വിന്, ഇഷാന്ത് ശര്‍മ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.