X

ഡബിള്‍ കോലി; ഇന്ത്യക്ക് പടുകൂറ്റന്‍ സ്‌കോര്‍

ഹൈദരാബാദ്: ബംഗ്ലാ കടുവളെ പൂച്ചകളാക്കി മുന്നില്‍ റണ്‍മഴ പെയ്യിച്ച് ഇന്ത്യ. വാളെടുത്തവരെല്ലാം വെളിച്ചപ്പാടായ ദിനത്തില്‍ തുടര്‍ച്ചയായ നാല് ടെസ്റ്റുകളില്‍ ഡബിള്‍ സെഞ്ച്വറിയെന്ന റെക്കോഡുമായി മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ വിരാട് കോലിയുടെ മികവിലാണ് ഇന്ത്യ പടുകൂറ്റന്‍ സ്‌കോര്‍ നേടിയത്. ആറ് വിക്കറ്റിന് 687 എന്ന നിലയില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിങ് ആരംഭിച്ച കടുവകള്‍ രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 41 എന്ന നിലയിലാണ്. 15 റണ്‍സെടുത്ത സൗമ്യ സര്‍ക്കാറിന്റെ വിക്കറ്റാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. 24 റണ്‍സുമായി തമീം ഇഖ്ബാലും, ഒരു റണ്ണുമായി മോമിനുല്‍ ഹഖുമാണ് ക്രീസില്‍.

നേരത്തെ മൂന്നിന് 356 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക് രഹാനയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 45 റണ്‍സുമായി ബാറ്റിങ് ആരംഭിച്ച രഹാനെ 82 റണ്‍സെടുത്ത് പുറത്തായി. അതിനിടെ നാലാം വിക്കറ്റില്‍ കോഹ്‌ലി-രഹാനെ കൂട്ടുകെട്ട് 222 നേടിയിരുന്നു.

ക്യാപ്റ്റന്‍ കോലിയുടെ റെക്കോഡ് ഡബിള്‍ സെഞ്ച്വറിയും വൃദ്ധിമാന്‍ സാഹയുടെ സെഞ്ച്വറിയുമാണ് ഇന്ത്യയുടെ രണ്ടാം ദിനം കരുത്തുറ്റതാക്കിയത്. 111 റണ്‍സുമായി രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച കോ്‌ലി 204 റണ്‍സെടുത്ത് പുറത്തായി. ഇടങ്കയ്യന്‍ സ്പിന്നര്‍ തൈജുല്‍ ഇസ്‌ലാമിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് കോലി പുറത്തായത്. ഡിആര്‍എസിന് അപ്പീല്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ നോട്ട് ഔട്ട് ലഭിക്കുമായിരുന്ന വിധത്തിലായിരുന്നു കോഹ്‌ലിയുടെ തിരിച്ചുകയറ്റം. തുടര്‍ച്ചയായ നാല് ടെസ്റ്റ് പരമ്പരകളില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമാണ് കോഹ്‌ലി. തുടര്‍ച്ചയായ മൂന്ന് ടെസ്റ്റുകളില്‍ ഡബിള്‍ സെഞ്ച്വറി നേടിയ സര്‍ ഡോണ്‍ ബ്രാഡ്മാന്റെയും, രാഹുല്‍ ദ്രാവിഡിന്റെയും റെക്കോഡാണ് ഇന്ത്യന്‍ നായകന്‍ മറികടന്നത്. 239 പന്തില്‍ 24 ബൗണ്ടറി സഹിതമാണ് കോലി ഇരട്ട ശതകം അടിച്ചത്. ഇരട്ട ശതകം നേടിയതിനു പിന്നാലെ ഒരു ഹോം സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡും കോലി സ്വന്തമാക്കി. വീരേന്ദര്‍ സെവാഗിന്റെ റെക്കോര്‍ഡാണ് പഴങ്കഥയായത്.

ആറാം വിക്കറ്റില്‍ വൃദ്ധിമാന്‍ സാഹയും ആര്‍ അശ്വിനും ഒത്തുചേര്‍ന്നെങ്കിലും 34 റണ്‍സെടുത്ത അശ്വിനെ മെഹ്ദി ഹസന്‍ പുറത്താക്കി. പിന്നീട് വന്ന രവീന്ദ്ര ജഡേജയുമായി ചേര്‍ന്ന് സാഹ ഇന്ത്യന്‍ സ്‌കോര്‍ 600 കടത്തി. ചായക്ക് പിരിയുന്നതിന് മുമ്പ് ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരായ ഉയര്‍ന്ന സ്‌കോറും മറികടന്നു. 2007 ല്‍ ധാക്കയില്‍ നേടിയ 610/3 ആയിരുന്നു ഇതുവരെയുണ്ടായിരുന്ന ഉയര്‍ന്ന സ്‌കോര്‍. ബൗളര്‍മാരെ അടിച്ചുപറത്തി ഇന്ത്യന്‍ മധ്യനിര സ്‌കോര്‍ 650 കടത്തി. ഇതോടെ ടെസ്റ്റില്‍ തുടര്‍ച്ചയായി മൂന്നു ടെസ്റ്റുകളില്‍ 600ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ രാജ്യമെന്ന റെക്കോര്‍ഡും കോലിപ്പട സ്വന്തമാക്കി.

ജഡേജയുടെ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ തൈജുല്‍ ഇസ്‌ലാമിന്റെ പന്ത് ബൗണ്ടറി കടത്തി സാഹ സെഞ്ച്വറിയും(106*) നേടി. 60 റണ്‍സ് നേടിയ കൂറ്റനടികളിലൂടെ ജദേജ സ്‌കോര്‍ 700 കടത്തുമെന്ന് തോന്നിച്ചെങ്കിലും ഇന്ത്യ രണ്ടാം ദിനം ആറിന് 687 ന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ബംഗ്ലാദേശിനു വേണ്ടി തൈജുല്‍ ഇസ്്‌ലാം മൂന്ന് വിക്കറ്റ് വീഴ്ത്തി.

chandrika: