ബാറ്റിങില്‍ ഏത് സ്ഥാനത്തും ഇറങ്ങാന്‍ താന്‍ തയ്യാറാണെന്ന് ഓസീസ് പര്യടനത്തിലെ താരമായി മാറിയ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി. ടീമിന്റെ ആവശ്യത്തിന് അനുസരിച്ച് ഏത് സ്ഥാനത്തും ബാറ്റ് ചെയ്യുന്നതില്‍ തനിക്ക് സന്തോഷമാണെന്നും ടീമിന്റെ ബാലന്‍സിങ് മാത്രമാണ് മുഖ്യമെന്നും ധോണി പറഞ്ഞു. ഇന്ത്യ-സീസ് ഏകദിന പരമ്പരയിലെ മാന്‍ ഓഫ് ദ സീരിസ് പട്ടം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ക്യാപ്റ്റന്‍ കൂള്‍.
ചെന്നൈയുടെ തലയായ എം.എസ് പരമ്പരയില്‍ ഉജ്ജ്വല ഫോമിലായിരുന്നു. മൂന്ന് ഏകദിനങ്ങളിലും തികച്ചും വിത്യസ്തമായ സാഹചര്യങ്ങളില്‍ ബാറ്റിംഗിന് വന്ന് ക്രീസില്‍ കൂടുതല്‍ സമയം നിന്നു കളിക്കുകയായിരുന്നു താരം. അവസാന ഏകദിനത്തില്‍ അദ്ദേഹം കളിക്കാനെത്തിയത് നാലാമനായി. 114 പന്തുകള്‍ നേരിട്ട് 87 റണ്‍സ് അദ്ദേഹം സ്വന്തമാക്കി. ഇന്ത്യക്ക് ചരിത്ര വിജയം സമ്മാനിച്ച ഇന്നിംഗ്‌സായി അത് മാറുകയും ചെയ്തു. മൂന്ന് മത്സരങ്ങളില്‍ രണ്ടിലും പുറത്താവാതെ നിന്ന ധോണി 193 റണ്‍സ് ശരാശരിയില്‍ 193 റണ്‍സാണ് അടിച്ചെടുത്തത്. പരമ്പരയില്‍ ധോണിയുടെ പ്രഹരശേഷിയാകട്ടെ 73.11 ആണ്.
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തോല്‍വി വഴങ്ങിയപ്പോള്‍ അതിന് ഏറെ പഴികേട്ടത് എംഎസ് ധോണിക്കായിരുന്നു. ആദ്യ മത്സരത്തില്‍ അഞ്ചാമനായി ക്രീസിലെത്തിയ ധോണി 96 പന്തില്‍ 51 റണ്‍സെടുത്ത് പുറത്തായപ്പോള്‍ മത്സരത്തില്‍ ഇന്ത്യ തോറ്റത് 34 റണ്‍സിന്. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് അവസാന ഓവറില്‍ ഹെലികോപ്റ്റര്‍ സിക്‌സ് വരെ പറത്തി ജയമൊരുക്കിയ വിമര്‍ശകരുടെയെല്ലാം വായടപ്പിച്ചു ധോണി. ഇപ്പോള്‍ മൂന്നാം ഏകദിനത്തിലും മികവ് ആവര്‍ത്തിച്ചു. ഒപ്പം പരമ്പരയുടെ താരമെന്ന ബഹുമതിയും സ്വന്തമാക്കി ലോകത്ത് തന്നെ ട്വിറ്റര്‍ ട്രെന്റായിമാറിയിരിക്കുകയാണ് ധോണി.