X

ധര്‍മ്മശാലയില്‍ പോരാട്ടം ലീഡിനായി; രാഹുലിനും പൂജാരക്കും അര്‍ധ സെഞ്ച്വറി

ധര്‍മ്മശാല: നിര്‍ണ്ണായകമായ നാലാം ടെസ്റ്റില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഒന്നാം ഇന്നിംഗ്‌സില്‍ ലീഡിനായി പോരുതുന്നു. രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റിന് 248 റണ്‍സ് എന്ന നിലയിലാണ്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 300 റണ്‍സിനൊപ്പമെത്താന്‍ നാല് വിക്കറ്റ് അവശേഷിക്കെ ഇന്ത്യയ്ക്ക് 52 റണ്‍സ് കൂടി വേണം. സ്റ്റമ്പെടുക്കുമ്പോള്‍ 10 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയും 16 റണ്‍സുമായി രവീന്ദു ജഡേജയുമാണ് ക്രീസില്‍. ഇന്ത്യക്കായി ലോകേശ് രാഹുല്‍ ചേതേശ്വര്‍ പൂജാര എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. രാഹുല്‍ 124 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതം 60 റണ്‍സെടുത്തപ്പോള്‍ പൂജാര 151 പന്തില്‍ ആറ് ബൗണ്ടറികളുടെ സഹായത്തോടെ 57 റണ്‍സെടുത്തു. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ 46ഉം അശ്വിന്‍ 30ഉം റണ്‍സെടുത്ത് പുറത്തായി. മുരളി വിജയ് 11 റണ്‍സെടുത്ത് പുറത്തായപ്പോള്‍ കരുണ്‍ നായര്‍ (05) ഒരിക്കല്‍ കൂടി പരാജയപ്പെട്ടു. സ്‌കോര്‍ ബോര്‍ഡില്‍ 21 റണ്‍സ് ചേര്‍ത്തപ്പോഴാണ് ഇന്ത്യയ്ക്ക് ആദ്യ തിരിച്ചടിയേറ്റത്. ഹാസില്‍വുഡിന്റെ പന്തില്‍ മുരളി വിജയ് വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി പുരത്താകുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ പൂജാരയും രാഹുലും ചേര്‍ന്ന് 86 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇന്ത്യന്‍ സ്‌കോര്‍ 108ല്‍ നില്‍ക്കെ കമ്മിന്‍സാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് വന്ന രഹാനയും ക്രീസില്‍ പിടിച്ചുനിന്നു.

എന്നാല്‍ പൂജാര വീണതോടെ ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് വേഗത കൂടി. കരുണ്‍ വന്നത് പോലെ പോയി. അശ്വിന്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ പരാജയപ്പെട്ടു. ഓസീസ് ബൗളിങിനു മുന്നില്‍ റണ്‍സെടുക്കുന്നതിനേക്കാളും പിടിച്ചു നില്‍ക്കാനായിരുന്നു ഇന്ത്യന്‍ ശ്രമം. ഇതോടെ സ്‌കോറിങ് മന്ദഗതിയിലായി. മാറ്റ് റിന്‍ഷോ കൈവിട്ട ക്യാച്ചുകള്‍ കൂടി വരുതിയിലാക്കാനായിരുന്നെങ്കില്‍ ഇന്ത്യയുടെ നില കൂടുതല്‍ പരുങ്ങിലിലാവുമായിരുന്നു. കങ്കാരുക്കള്‍ക്കായി സ്പിന്നര്‍ ലിയോണ്‍ നാല് വിക്കറ്റ് വീഴ്ത്തി. 28 ഓവറില്‍ 67 റണ്‍സ് വഴങ്ങിയാണ് ലിയോണ്‍ നാല് വിക്കറ്റ് വീഴ്ത്തിയത്. കമ്മിന്‍സും ഹാസില്‍വുഡും ഓരോ വിക്കറ്റ് വീതം. വീഴ്ത്തി. നേരത്തെ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറി മികവിലാണ് ഓസ്‌ട്രേലിയ 300 റണ്‍സെടുത്തത്.ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ച് സമനില പാലിച്ചതിനാല്‍ പരമ്പരയിലെ നിര്‍ണ്ണായക മത്സരമാണ് ധര്‍മ്മശാലയില്‍ നടക്കുന്നത്. ഈ മത്സരം ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം. സ്‌കോര്‍: ഓസ്‌ട്രേലിയ 300, ഇന്ത്യ 248/6.

chandrika: