ബംഗളുരു: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യക്ക് മുന്നില്‍ റണ്‍മല. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസിനായി ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍-ആരോണ്‍ ഫിഞ്ച് നേടിയ ഇരട്ടസെഞ്ചുറി കൂട്ടുകെട്ടാണ് ഇന്ത്യക്കെതിരെ റണ്‍മല തീര്‍ത്തത്.
വാര്‍ണര്‍(119 പന്തില്‍ 124) തന്റെ നൂറാം ഏകദിനത്തില്‍ നേടിയ സെഞ്ച്വറിയുടെയും കഴിഞ്ഞ മല്‍സരത്തിലെ സെഞ്ചുറി നേടിയ ഫിഞ്ചിന്റെ (96 പന്തില്‍ 94) പ്രകടനവുമാണ് കംഗാരുക്കള്‍ക്ക് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റ് കൂട്ട്‌കെട്ടില്‍ 231 റണ്‍സ് നേടി.
പരമ്പര കൈവിട്ടെങ്കിലും കരുത്തുകാട്ടാന്‍ ഇനിയും ബാക്കികാണിച്ചാണ് കംഗാരുക്കള്‍ ബാറ്റിങില്‍ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിറഞ്ഞാടിയത്. നാലാം ഏകദിനത്തില്‍ 335 റണ്‍സ് വിജയലക്ഷ്യം ഇന്ത്യയ്ക്കു മുന്നില്‍ ഓസീസ് ഉയര്‍ത്തിയത് . പരമ്പരയില്‍ ആദ്യമായാണ് ഒരു ടീം 300 കടക്കുന്നത്.
അതേസമയം, ഏകദിനത്തില്‍ തുടര്‍ച്ചയായ പത്ത് വിജയങ്ങള്‍ എന്ന റെക്കോര്‍ഡിലാണ് ഇന്നത്തെ വിജയത്തിലൂടെ ഇന്ത്യ സ്വപ്‌നം കാണുന്നത്. മുന്‍നിര ടീമുകളെല്ലാം ഇതിനു മുമ്പ് കൈവരിച്ചിട്ടും ഇന്ത്യക്ക് മാത്രം കൈയകലത്തില്‍ നിന്ന് അകന്നു നില്‍ക്കുന്ന നേട്ടം ഇന്നത്തെ ജയത്തോടെ സാധ്യമാക്കാനാണ് കോലിയും സംഘവും ശ്രമിക്കുന്നത്.
എന്നാല്‍ ആദ്യ മൂന്ന് മത്സരങ്ങള്‍ ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യത്തിലേക്ക് ബാറ്റും പന്തുമെടുക്കുമ്പോള്‍ മാനം രക്ഷിക്കുക എന്ന ലക്ഷ്യം മാത്രമാണ് സന്ദര്‍ശകര്‍ക്കുള്ളത്.
കഴിഞ്ഞ ജൂലൈയില്‍ ആന്റിഗ്വയില്‍ വെച്ച് വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഇന്ത്യ ഏകദിനത്തില്‍ അവസാനമായി തോല്‍വി വഴങ്ങിയത്. ഓസ്ട്രേലിയയാകട്ടെ ജനുവരി 26-ന് അഡലെയ്ഡില്‍ പാകിസ്താനെ തോല്‍പ്പിച്ച ശേഷം ഇതുവരെ ജയിച്ചിട്ടുമില്ല. 11 മത്സരങ്ങള്‍ തുടര്‍ച്ചയായി തോറ്റ കങ്കാരുക്കള്‍ക്കു മുന്നിലേക്ക് ഒമ്പത് തുടര്‍ വിജയങ്ങളുടെ മികവുമായി ഇറങ്ങുന്ന ആതിഥേയര്‍ക്കാണ് വിജയ സാധ്യത.
Updating…