കാന്‍ബറ: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം. ആവേശം അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ 13 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്.
മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര ഇതോടെ 2-1 എന്ന നിലയില്‍ അവസാനിച്ചു. ആദ്യ രണ്ട് ഏകദിന മത്സരങ്ങളിലും ആതിഥേയരായ ഓസ്‌ട്രേലിയക്കായിരുന്നു ജയം.മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 302 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന് 49.3 ഓവറില്‍ 289 റണ്‍സെടുക്കുന്നതിനിടെ എല്ലാ വിക്കറ്റുകളും നഷ്ടപ്പെട്ടു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത് ആറാം വിക്കറ്റ് കൂട്ടുക്കെട്ടാണ്. ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റുകയായിരുന്നു. 152/5 എന്ന നിലയില്‍ പരുങ്ങുകയായിരുന്ന ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിനെ ഇരുവരും ചേര്‍ന്ന് 302 ലേക്ക് എത്തിച്ചു. 33ാം ഓവറിലാണ് ഇരുവരും ഒന്നിച്ചത്. ഇരുവരും ഒരുമിച്ച് ആറാം വിക്കറ്റില്‍ 150 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ഡ് ബോര്‍ഡിലേക്ക് സമ്മാനിച്ചത്. ഓസ്‌ട്രേലിയയിലെ ഏറ്റവും ഉയര്‍ന്ന ആറാം വിക്കറ്റ് കൂട്ടുക്കെട്ടാണ് ഇത്.
ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ആറാം വിക്കറ്റ് കൂട്ടുക്കെട്ടിന്റെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇത് ഇടംപിടിച്ചത്. 2015 ല്‍ സിംബാവെക്കെതിരെ അമ്പാട്ടി റായിഡു, സ്റ്റുവര്‍ട്ട് ബിന്നി എന്നിവര്‍ ചേര്‍ന്ന് ആറാം വിക്കറ്റില്‍ 160 റണ്‍സ് നേടിയതാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 2005 ല്‍ എം.എസ്.ധോണിയും യുവരാജ് സിങ്ങും ചേര്‍ന്ന് സിംബാവെക്കെതിരെ നേടിയ 158 റണ്‍സാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.
ഓസീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്കുവേണ്ടി ഹാര്‍ദിക് പാണ്ഡ്യ 76 പന്തില്‍ നിന്ന് 92 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഏഴ് ഫോറും ഒരു സിക്‌സും സഹിതമാണ് പാണ്ഡ്യ 92 റണ്‍സ് നേടിയത്. ആദ്യ ഏകദിനത്തില്‍ പാണ്ഡ്യ 90 റണ്‍സ് നേടിയാണ് പുറത്തായത്. ഏകദിനത്തിലെ ആദ്യ സെഞ്ചുറി നേട്ടത്തിന് പാണ്ഡ്യക്ക് ഇനിയും കാത്തിരിക്കണം.
ഇന്ത്യന്‍ നിരയില്‍ അരങ്ങേറ്റ മത്സരം കളിച്ച ടി.നടരാജന്‍ 10 ഓവറില്‍ ഒരു മെയ്ഡന്‍ സഹിതം 69 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ഷാര്‍ദുല്‍ താക്കൂര്‍ 10 ഓവറില്‍ ഒരു മെയ്ഡന്‍ സഹിതം 51 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കി. ചെഹലിനു പകരം ടീമിലെത്തിയ കുല്‍ദീപ് യാദവ് 10 ഓവറില്‍ 57 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ജസ്പ്രീത് ബുമ്രയ്ക്ക് രണ്ടും രവീന്ദ്ര ജഡേജയ്ക്ക് ഒരു വിക്കറ്റുമുണ്ട്.